ഇതുവരെ ഓടിത്തീർത്ത കുടുസ്സുവഴികളെക്കുറിച്ച് തൽക്കാലം മറക്കാം. ഇനി ഫിനിഷിങ് പോയൻറിലെ അഭിമാന നിമിഷങ്ങളാവണം മനസ്സിൽ. അളവറ്റ പ്രതിഭാസമ്പത്തുകൊണ്ട് അനുഗൃഹീതമായ വയനാടിന് അതു കഴിയുമെന്നതിൽ രണ്ടു പക്ഷമുണ്ടാവില്ല. ജില്ലക്ക് ഏറ്റവും ശോഭിക്കാൻ കഴിയുന്ന കായികയിനം അത്ലറ്റിക്സാണ്.
പക്ഷേ, ആ ട്രാക്കിൽ നിർഭാഗ്യവശാൽ നമ്മളോടിക്കൊണ്ടിരിക്കുന്നത് ഏറ്റവും പിന്നിലായാണ്. അതിനു മാറ്റമുണ്ടാവണം. കുഞ്ഞുതാരങ്ങളെ കണ്ടെടുത്ത് അവരെ ചേർത്തുനിർത്തി, ശാസ്ത്രീയമായ പരിശീലനം നൽകി രാജ്യത്തിന് മുതൽക്കൂട്ടാവുന്ന രീതിയിൽ വളർത്തിക്കൊണ്ടു വരുന്നതിനെക്കുറിച്ചുള്ള ഗഹനമായ ചർച്ചകൾ നടക്കേണ്ടതുണ്ട്.
സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും അത്ലറ്റിക് അസോസിയേഷനുമൊക്കെ സഗൗരവം കാര്യങ്ങളെ സമീപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗോത്രവർഗക്കാരായ താരങ്ങളെ കണ്ടെടുത്ത് പ്രത്യേക പരിശീലനം നൽകുന്ന കാര്യത്തിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അനുകൂല അന്തരീക്ഷവും പ്രതിഭാ സമ്പത്തും ഫലപ്രദമായി ഉപയോഗിക്കുന്നതിന് കായിക ഭരണ കർത്താക്കൾ സമയവും ചിന്തയും സമ്പത്തും ഉപയോഗിക്കണം.
നഷ്ടമായിപ്പോയ കാലങ്ങളെ വർധിത വീര്യത്തോടെ തിരിച്ചുപിടിക്കാനായി വഴികൾ തുറക്കാനാവും. അതിലേക്കുള്ള ആലോചനകളും തീരുമാനങ്ങളുമൊക്കെയാണ് ഇനിയുണ്ടാവേണ്ടത്.
രക്ഷിതാക്കൾ മുന്നിലേക്ക് വരണം
കെ.പി. വിജയി ടീച്ചർ (പരിശീലക, വയനാട് ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ്)
മനസ്സുവെച്ചാൽ വയനാട്ടിൽനിന്ന് ലോകോത്തര താരങ്ങളെതന്നെ വാർത്തെടുക്കാൻ കഴിയും. ദീർഘദൂര ഇനങ്ങളിൽ മികവു കാട്ടുന്ന ഇത്യോപ്യപോലെയുള്ള ഇടങ്ങളിലേതുപോലെ നൈസർഗികശേഷിയിൽ ട്രാക്കിൽ അത്ഭുതങ്ങൾ തീർക്കാൻ കഴിയുന്ന കുട്ടികളുണ്ടിവിെട. മികച്ച ശിക്ഷണം ഒരുക്കുന്നതോടൊപ്പം അവരെ ചേർത്തുപിടിക്കുക കൂടി വേണം.
കുട്ടികളുടെ കായിക മികവിന് പിന്തുണയേകാൻ രക്ഷിതാക്കൾ കൂടുതൽ മുന്നിലേക്ക് വരേണ്ടതുണ്ട്. മക്കൾ പഠിച്ച് മിടുക്കരാകാനാണ് മിക്ക രക്ഷിതാക്കളുടെയും ആഗ്രഹം. അതോടൊപ്പം, കായികമേഖലയിൽ മികവുകാട്ടാൻ കഴിവുള്ള കുട്ടികളെ മാതാപിതാക്കൾ പൂർണമനസ്സോടെ പിന്തുണച്ചാൽ അതിശയങ്ങൾ സൃഷ്ടിക്കാനാകും.
എം. മധു (പ്രസിഡൻറ്, വയനാട് ജില്ല സ്പോർട്സ് കൗൺസിൽ)
എട്ടുവരിയിൽ സിന്തറ്റിക് ട്രാക്കുള്ള ജില്ല സ്റ്റേഡിയം നിർമാണം പൂർത്തിയാകുന്നേതാടെ വയനാടിെൻറ അത്ലറ്റിക് മേഖലയിലെ ഒരുപാടു പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് പ്രതീക്ഷ. മൂന്നു താലൂക്കിലും ഇതേപോലെ സിന്തറ്റിക് ട്രാക്കുകൾ സ്ഥാപിക്കണം. അതിനുവേണ്ടി ജില്ല സ്പോർട്സ് കൗൺസിൽ ശ്രമം നടത്തുന്നുണ്ട്. സുൽത്താൻ ബത്തേരിയിലെ ഭൂമിപ്രശ്നം പരിഹരിക്കപ്പെട്ട് ആ ഭൂമി കിട്ടിയിരുന്നെങ്കിൽ ജില്ലയിലെ ഏറ്റവും മികച്ച സ്റ്റേഡിയമായി അതു മാറ്റാൻ കഴിയും. മാനന്തവാടി കേന്ദ്രീകരിച്ച് ദീർഘദൂര ഓട്ടമത്സരങ്ങളിൽ കുട്ടികൾക്ക് ശിക്ഷണം നൽകുന്ന അക്കാദമി ഞങ്ങളുടെ ആലോചനകളിലുണ്ട്. കുട്ടികളെ താമസിപ്പിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള പരിശീലനമാണ് ഉദ്ദേശിക്കുന്നത്.
കായികപരമായി വയനാട്ടിൽ എല്ലാ മേഖലകളിലും മികച്ച കുട്ടികളുണ്ട്. വളർന്നുവരുന്ന മുഴുവൻ താരങ്ങളുടെയും വിവരങ്ങൾ ലഭിക്കുന്ന സ്പോർട്സ് സെൻററായി സ്പോർട്സ് കൗൺസിലിനെ മാറ്റണമെന്നാണ് ആഗ്രഹം. നല്ല കുട്ടികൾക്കൊപ്പം നല്ല പരിശീലകരെയും ഞങ്ങൾ തേടുന്നുണ്ട്.
ഓരോ പഞ്ചായത്തിലും സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കുകയെന്ന ലക്ഷ്യം ജനുവരിയോടെ പൂർത്തിയാകും. ഈ കൗൺസിലുകൾക്കു കീഴിൽ പ്രാദേശികമായി താരങ്ങളെ കെണ്ടത്തി അക്കാദമികൾക്കു സമാനമായി അവർക്ക് പരിശീലനം നൽകിയാൽ മാറ്റങ്ങളേറെ ഉണ്ടാക്കാൻ കഴിയും. ചില പഞ്ചായത്തുകളിൽ ഒരു വർഷത്തിനകം സ്റ്റേഡിയങ്ങൾ ഒരുങ്ങുമെന്നാണ് പ്രതീക്ഷ. കൽപറ്റയിലെ ഇൻഡോർ സ്റ്റേഡിയവും ജില്ലയിലെ കായിക മുന്നേറ്റത്തിന് ഉണർവ് പകരും.
വി.കെ. തങ്കച്ചൻ (കേരള സ്േപാർട്സ് കൗൺസിൽ അംഗം)
എല്ലാ സ്കൂളിലും കിഡ്സ് അത്ലറ്റിക്സ് പ്രമോട്ട് ചെയ്യുന്നതോടെ കേരളത്തിൽ കായിക മേഖലയിൽ ഏറെ മാറ്റങ്ങൾ വരും. കിഡ്സ് അത്ലറ്റിക്സിൽനിന്ന് കുട്ടികളെ പിന്നീട് അവർ മിടുക്കുകാട്ടുന്ന കായിക ഇനങ്ങളിലേക്ക് മാറ്റാൻ കഴിയും. ഇതോടൊപ്പം കായികാധ്യാപകർ കൂടുതൽ അർപണ ബോധത്തോടെ ഇടപെടുകയും ചെയ്താൽ ഒരുപാട് താരങ്ങളെ വളർത്തിയെടുക്കാനാവും.
ഏഴുമുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ അണിനിരത്തി നടത്തുന്ന കിഡ്സ് അത്ലറ്റിക്സ് യാഥാർഥ്യമാകുന്നതോടെ 'ചെറുപ്പത്തിലേ പിടികൂടുക' എന്ന ആശയവും നടപ്പിൽ വരുത്താം.
ജില്ല പഞ്ചായത്ത് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് കായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ചെറിയ കളിക്കളങ്ങൾ ഇങ്ങനെ നിർമിക്കാം. പഞ്ചായത്ത് തലത്തിലുള്ള സ്പോർട്സ് കൗൺസിലുകൾ സജീവമാക്കി പ്രാദേശികമായി കഴിവുള്ള താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് പ്രാധാന്യം നൽകണം.
ആത്മവിശ്വാസവും ചെറുസൗകര്യങ്ങളും മതി വയനാട്ടിൽ മികച്ച റിസൽറ്റുണ്ടാക്കാനെന്ന് തെളിയിച്ച ഒരു കൂട്ടരുണ്ട്. ജില്ല ക്രിക്കറ്റ് അസോസിയേഷൻ ആണത്. അവരിൽനിന്ന് കണ്ടുപഠിക്കാൻ ഇവിടത്തെ കായിക ഭരണാധികാരികൾക്ക് ഒരുപാട് പാഠങ്ങളുണ്ട്. സജന സജീവൻ, മിന്നുമണി, ദൃശ്യ തുടങ്ങി സംസ്ഥാന വനിത ക്രിക്കറ്റിലെ മിന്നും താരങ്ങൾ പലരും വയനാട്ടിൽനിന്നാണിപ്പോൾ. അതിൽതന്നെ ഗോത്രവർഗ വിദ്യാർഥിനികളുമേെറ.
പറഞ്ഞുവരുന്നത് ഈ ക്രിക്കറ്റ് താരങ്ങളുടെ അത്ലറ്റിക് മികവിനെ കുറിച്ചാണ്. കൃഷ്ണഗിരിയിലെ ക്രിക്കറ്റ് അക്കാദമിയിലെ ഈ വനിത താരങ്ങൾ ജില്ലയിലെ അത്ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാറുണ്ട്. മീനങ്ങാടിയിൽനടന്ന ഇക്കഴിഞ്ഞ ജില്ല മീറ്റിലും ഇവർ പങ്കെടുത്തിരുന്നു. പങ്കെടുത്ത ഏതാ െണ്ടല്ലാ പേരും ഒന്നും രണ്ടും സ്ഥാനങ്ങളിൽ വന്നിട്ടുണ്ട്. കൂടുതലും ഒന്നാം സ്ഥാനക്കാർതന്നെ. ക്രിക്കറ്റിനുവേണ്ടി നടത്തുന്ന ഫിറ്റ്നസ് പരിശീലനങ്ങൾക്കിടെ 'സൈഡ് ബിസിനസായി' അത്ലറ്റിക്സിനെ കണ്ട് മത്സരിക്കാനിറങ്ങിയാണ് ഈ മിടുക്കികൾ മെഡൽ വാരുന്നത്. എം.പി. അലീന, മാളവിക സാബു, വി.ജെ. ജോഷിത, സി.എം.സി നജ്ല, ആരതി രവി, ശ്രേയ റോയ്, ശ്രീകൃഷ്ണ തുടങ്ങിയവരൊക്കെ ക്രീസിന് പുറത്തിറങ്ങി ട്രാക്കിലും ഫീൽഡിലും മികവു കാട്ടി.
വയനാട്ടിൽ അത്ലറ്റിക്സിനു മാത്രമായി മികച്ച പരിശീലന സൗകര്യങ്ങളും ശാസ്ത്രീയ സംവിധാനങ്ങളുമൊരുക്കിയാൽ വന്നേക്കാവുന്ന മാറ്റത്തിെൻറ ചെറിയൊരു സൂചകം മാത്രമാണ് ക്രിക്കറ്റ് താരങ്ങളുടെ നേട്ടം. ക്രിക്കറ്റ് പരിശീലിപ്പിക്കുന്ന കോച്ച് ദീപ്തി അത്ലറ്റിക്സിെൻറ ബാലപാഠങ്ങളും ഇവർക്ക് പകർന്നു നൽകുന്നു. ക്രിക്കറ്റിനിടയിൽ വളരെയേറെ ഗൗരവത്തിൽ അത്ലറ്റിക്സ് എടുത്തിട്ടില്ല. അക്കാദിമിയിലെ കുട്ടികൾ മീനങ്ങാടി സ്കൂളിലാണ് പഠിക്കുന്നത്. സ്കൂളിെൻറ ബാനറിലാണ് ഈ കുട്ടികൾ മീറ്റുകൾക്ക് ഇറങ്ങുന്നത്. അത്ലറ്റിക്സിന് മാത്രമായി മികച്ച സൗകര്യങ്ങളുള്ള അക്കാദമികളും മറ്റും സ്ഥാപിച്ചാൽ വയനാട്ടിൽനിന്ന് പ്രതിഭാധനരായ താരങ്ങളെ വാർത്തെടുക്കാൻ കഴിയുമെന്നതിൽ സംശയമൊന്നുമില്ലെന്നും ദീപ്തി ചൂണ്ടിക്കാട്ടുന്നു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.