നെൻമേനി: 15 ലക്ഷം മുടക്കിയ പുന്നാട്ടുവയൽ കുടിവെള്ള പദ്ധതിയിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത് മലിനജലം. കഴിഞ്ഞ ആറുമാസമായി ചളിനിറഞ്ഞ കൈത്തോട്ടിലൂടെ ഒഴുകുന്ന വെള്ളം ടാങ്കിലേക്ക് പമ്പ് ചെയ്ത് ഫിൽട്രേഷൻ പോലും നടത്താതെ കിണറ്റിലേക്ക് മാറ്റി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതായാണ് പരാതി.
കഴിഞ്ഞ ദിവസം വിതരണം ചെയ്ത വെള്ളത്തിന് വലിയ രുചി വ്യത്യാസവും നിറം മാറ്റവും വന്നതിനെ തുടർന്ന് ഉപഭോക്താക്കൾ വെള്ളം പമ്പ് ചെയ്യുന്ന സ്ഥലം സന്ദർശിച്ചപ്പോഴാണ് കൈത്തോട്ടിലൂടെയുള്ള വെള്ളം ശുദ്ധീകരിക്കുക പോലും ചെയ്യാതെ വിതരണം ചെയ്യുന്നതായി കണ്ടെത്തിയത്.
കിണറിലെ വെള്ളം വറ്റിയതോടെയാണ് കൈത്തോട്ടിൽ നിന്നും വൃത്തിഹീനമായ സ്ഥലത്ത് സ്ഥാപിച്ച ടാങ്കിലേക്ക് വെള്ളമടിച്ച് അവിടെ നിന്നും കിണറ്റിലെത്തിച്ച് വിതരണം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നിരവധി പേർക്ക് വയറിളക്കവും മറ്റ് അസുഖങ്ങളും പിടിപെട്ടതിനെ തുടർന്ന് ഡോക്ടറെ കണ്ടപ്പോഴാണ് വെള്ളത്തിന്റെ പ്രശ്നമാണെന്നറിയുന്നത്. തുടർന്നായിരുന്നു നാട്ടുകാർ വെള്ളം പമ്പ് ചെയ്യുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. തുടർന്ന് മലിനജലം വിതരണം ചെയ്യുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് പ്രദേശിവാസികൽ രംഗത്തെത്തുകയും ചെയ്തു.
നിലവിൽ പുന്നാട്ടുവയൽ, കോട്ടവയൽ, ചന്തക്കുന്ന് കോളനി, കോട്ടയിൽ പ്രദേശം ജലക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ചേർന്ന ഉപഭോക്തമാക്കളുടെ യോഗത്തിൽ ടാങ്കുകളിൽ വെള്ളമെത്തിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും ബുധനാഴ്ച മാത്രമാണ് രണ്ട് ടാങ്ക് വെള്ളം എത്തിച്ചത്.
പദ്ധതിയിലെ അപാകത സംബന്ധിച്ച് ജില്ല കലക്ടർക്കും മറ്റും ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്. കുടിവെള്ള പദ്ധതിയിൽ അഴിമതി നടന്നതായും ആരോപണമുണ്ട്. ഗ്രാപഞ്ചായത്തിന്റെ 13 ലക്ഷത്തിന് പുറമെ ഓരോ ഉപഭോക്താവിൽ നിന്നും 2600 രൂപ വാങ്ങിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ മാസത്തിൽ 100 രൂപ വീതം ഓരോ ഉപഭോക്താവും നൽകുകയും വേണം.
മഴക്കാലത്തുപോലും ശുദ്ധജലത്തിന് ക്ഷാമമുള്ള പ്രദേശമാണ് ഇവിടെ. മിക്കവീടുകളിലും കിണറുകളുണ്ടെങ്കിലും ചെമ്പുറവകാരണം വെള്ളം ഉപയോഗിക്കാൻ പറ്റില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് കുടിവെള്ളപദ്ധതി ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.