കൽപറ്റ: ദിവസങ്ങളായി പലരും കോളജിലും വീട്ടിലും പോയിട്ട്. ഉരുൾ ദുരന്തമുണ്ടായ ദിവസം മുതൽ കൽപറ്റ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂളിലെ ദുരിതാശ്വാസ കലക്ഷൻ സെന്റിൽ കർമനിരതരാണ് 350ലധികം വരുന്ന കോളജ് വിദ്യാർഥികൾ. സന്നദ്ധ സംഘടനകളും വ്യക്തികളുമെല്ലാം എത്തിക്കുന്ന സാധനങ്ങൾ ഇറക്കാനും ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുപോകാൻ ലോഡ് കയറ്റാനുമെല്ലാം വിദ്യാർഥികൾ ഇവിടെ 24 മണിക്കൂറും റെഡി. രാവും പകലുമില്ലാതെ പ്രവർത്തിക്കുന്ന കലക്ഷൻ സെന്ററിൽ സാധനങ്ങളുടെ ലോഡിറക്കാനും കയറ്റാനുമെല്ലാം ജില്ലയിലെ വിവിധ കോളജുകളിൽ നിന്നെത്തിയ വിദ്യാർഥികളുണ്ട്. ഉരുൾ ദുരന്തമുണ്ടായ ദിവസം മുതൽ ഇവർ സജീവമാണ്. നിരവധി യുവാക്കളും കലക്ഷൻ സെന്ററിൽ കൈമെയ് മറന്ന് സേവനം ചെയ്യുന്നുണ്ട്. കടകളിൽ ജോലി ചെയ്യുന്ന പലരും ഡ്യൂട്ടി കഴിഞ്ഞ് നേരെ കലക്ഷൻ സെന്ററിലെത്തി പുലർച്ച മൂന്നു വരെയൊക്കെ ജോലിചെയ്യും.
പിന്നീട് അൽപം തല ചായ്ച്ച് വീണ്ടും കടകളിലേക്ക് ജോലിക്ക് പോകും. രാത്രി വീണ്ടും കലക്ഷൻ സെന്ററിലേക്ക്. ഇവിടെയെത്തുന്ന സാധനങ്ങൾ ഐറ്റം തിരിച്ച് വെവ്വേറെ ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വരുന്ന ഓർഡർ ലിസ്റ്റ് അനുസരിച്ച് കയറ്റിയയക്കുകയാണ് ഇവർ ചെയ്യുന്നത്.
കലക്ഷൻ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കുന്നതായതുകൊണ്ട് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സേവനം. ഡ്യൂട്ടി കഴിഞ്ഞാൽ സ്കൂളിൽ തന്നെ കിടന്നുറങ്ങി പിറ്റേന്ന് രാവിലെ വീണ്ടും സേവനം തുടങ്ങുന്ന നിരവധി വിദ്യാർഥികൾ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.