പൂക്കോട്: തോരാ മഴയിലും സദസ്സിനെ ആവേശച്ചൂടിൽ നിർത്താതെ കൈയടിപ്പിച്ച് ഗോട്ടിപൂവ നൃത്താവതരണം കുട്ടികൾക്ക് പുത്തനുണർവായി. സ്പിക്മാക്കെ ( സൊസൈറ്റി ഫോർ ദ പ്രമോഷൻ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമംഗസ്റ്റ് യൂത്ത് ) വയനാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ പൂക്കോട് ജവഹർ നവോദയ വിദ്യാലയത്തിലാണ് നൃത്തം അരങ്ങേറിയത്. ഗോട്ടിപൂവ ഒഡിഷയിലെ പാരമ്പര്യ നൃത്തമാണ്. 15 വയസ്സിനു താഴെയുള്ള ആൺ കുട്ടികൾ പെൺവേഷം കെട്ടി ജഗന്നാഥനെയും കൃഷ്ണനെയും സ്തുതിച്ചുള്ള നൃത്തമാണ്. ഇതിൽ ഏറ്റവും ആവേശമുണർത്തുന്നത് ബാന്ധ നൃത്തമാണ്. അക്രോബാറ്റിക് നൃത്ത രൂപമായ ബാന്ധയിൽ മയൂര, ഗരുഡ, പത്മാസന, ഹൻസ അവതരണങ്ങൾ ശ്രദ്ധേയമാണ്.
ഭുവനേശ്വറിലെ നക്ഷത്ര ഗുരുകുലത്തിലെ കുട്ടികളാണ് നൃത്തം അവതരിപ്പിച്ചത്. നൃത്താവതരണവും സ്പിക്മാക്കെയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും ജവഹർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ വി.വി. സൗദാമിനി നിർവഹിച്ചു. സ്പിക്മാക്കെ സംസ്ഥാന കോഓഡിനേറ്റർ പ്രഗിൽ പ്രകാശ് അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ കെ.എം. ജോസ്, വി. വീണ, നക്ഷത്ര ഗുരുകുലം ഡയറക്ടർ ബിജയ് സാഹു, സ്പിക്മാക്കെ ജില്ല ചെയർമാൻ സി.കെ. പവിത്രൻ, കോഓഡിനേറ്റർമാരായ സി. ജയരാജൻ, എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഈ വർഷം ജൂലൈ മാസത്തിൽ സൗജന്യമായി ആറ് ക്ലാസിക്കൽ നൃത്ത രൂപങ്ങളുടെ പരിശീലനവും അവതരണവും ജില്ലയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.