ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ കനത്ത മഴയിൽ ഊട്ടി - കൂനൂർ -മേട്ടുപ്പാളയം ദേശീയപാത, ഊട്ടി-കോത്തഗിരി-മേട്ടുപ്പാളയം റോഡ്, കൂനൂർ-കോത്തഗിരി റോഡ് മരങ്ങളും പാറകളും വീണ് ഗതാഗതം തകരാറിലായതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ഇത് ശരിയാക്കാനുള്ള ശ്രമത്തിലാണ്.
ഊട്ടി കോത്തഗിരി റോഡിൽ പലയിടത്തും മരങ്ങൾ കടപുഴകി. മണ്ണിടിച്ചിലിനെ തുടർന്ന് ഈ പാത ഉപയോഗിക്കരുതെന്ന് ജില്ല കലക്ടർ അരുണ നിർദേശിച്ചു. നീലഗിരി ജില്ലയിലെ ഊട്ടി കൂനൂർ കോത്തഗിരി ഭാഗങ്ങളിൽ തുടർച്ചയായി കനത്ത മഴ പെയ്യുന്നു. കനത്ത മഴയെ തുടർന്ന് ജില്ലയിലെ സ്കൂളുകൾക്ക് ഇന്നലെ അവധി നൽകിയിരുന്നു. ഊട്ടി-കൂനൂർ-മേട്ടുപ്പാളയം റോഡിൽ മരപ്പാലം ഭാഗത്ത് സർക്കാർ ബസിന് മുകളിലേക്ക് മരം കടപുഴകിയെങ്കിലും ബസിലെ 40 യാത്രക്കാർ ഭാഗ്യവശാൽ രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം നീക്കം ചെയ്തു.
കാട്ടേരി ഭാഗത്ത് കൂറ്റൻ പാറകൾ റോഡിലേക്ക് വീണു. ദേശീയപാത വിഭാഗം ജെ.സി.ബി യന്ത്രങ്ങൾ ഉപയോഗിച്ച് റോഡിൽ വീണ പാറകൾ നീക്കം ചെയ്യുന്നുണ്ട്. റെയിൽപാതയിൽ പലഭാഗത്തും ട്രാക്കിൽ തടസ്സം നേരിട്ടതിനാൽ പർവത റെയിൽ സർവിസ് വീണ്ടും നിർത്തിെവച്ചു.
ഊട്ടി-കോത്തഗിരി റോഡിലും, ഊട്ടി-കൂനൂർ മേട്ടുപ്പാളയം റോഡിൽ പലഭാഗത്തും മരങ്ങൾ റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെട്ടു. കൂനൂരിൽ കോടമല റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടതിനാൽ ഗ്രാമീണർ ദുരിതത്തിലായി. തുടർച്ചയായി പെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചു.
ഗൂഡല്ലൂർ: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കോത്തഗിരിക്ക് സമീപം അന്തിയൂർ ഭാഗത്തെ അഞ്ചേക്കർ തേയിലത്തോട്ടം ഒലിച്ചുപോയി.
കരിക്കയൂർ, അന്തിയൂർമട്ടം, മല്ലികോപ്പയൂർ ബൊമ്മൻ എസ്റ്റേറ്റ്, ബംഗ്ലപാടി ആദിവാസി ഊരുകളിൽ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റോഡും തകർന്നതിനാൽ ഗ്രാമങ്ങളുമായുള്ള ഗതാഗത ബന്ധം വിച്ഛേദിക്കപ്പെട്ടു. മഴക്കെടുതി പ്രദേശം കലക്ടർ അരുണയും സംഘവും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.