മാനന്തവാടി: ആറു മാസം പ്രായമായ ആദിവാസി ബാലന് മെഡിക്കല്‍ കോളജില്‍നിന്നും മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണം. പ്രാഥമികാന്വേഷണത്തിൽ കുഞ്ഞിന് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ വീഴ്ചവരുത്തിയവർക്കെതിരെ നടപടിക്കൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു ജീവനക്കാർക്ക് മെമ്മോ നൽകിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
കുഞ്ഞിന്റെ അച്ഛൻ ബിനീഷിന്റെ താമസ സ്ഥലമായ പടിഞ്ഞാറത്തറയിലെ കാപ്പുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ 2022 ഒക്ടോബര്‍ 17നാണ് കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം കുട്ടിയെ അമ്മ ലീലയുടെ താമസസ്ഥലമായ കാരാട്ട് കോളനിയിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെയെത്തിയ ശേഷം സബ് സെന്റര്‍ ജീവനക്കാരായ ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍, എം.എല്‍.എസ്.പി, ആ.ര്‍ബി.എസ്.കെ നഴ്സ് തുടങ്ങിയവരും ഐ.സി.ഡി.എസ് അധികൃതരും ട്രൈബല്‍ വകുപ്പ് അധികൃതരെല്ലാം വേണ്ട രീതിയില്‍ കുട്ടിയെ പരിചരിച്ചിരുന്നില്ലെന്നാണ് ആരോപണം.
ഇതിനിടെ കുട്ടിക്ക് കടുത്ത പനിയും ചുമയും കഫക്കെട്ടും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശാവര്‍ക്കര്‍മാരും ട്രൈബല്‍ പ്രമോട്ടറും കുട്ടിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഈ മാസം 21ന് രാത്രിയോടെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍ ശിശുരോഗവിദഗ്ധനെ കാണിക്കാനാവശ്യപ്പെട്ട് ഏതാനും മരുന്ന് നിര്‍ദേശിച്ച് വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. നിര്‍ദേശിച്ച മരുന്നുകളാവട്ടെ ആശുപത്രിയില്‍ നിന്നും ലഭിച്ചതുമില്ല. തൊട്ടടുത്ത ദിവസം രാവിലെ ഏഴോടെ കുട്ടി അമ്മയുടെ മടിയില്‍ കിടന്ന് മരിക്കുകയായിരുന്നു.
അസ്വാഭാവികമരണമായതിനാല് മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.
കടുത്ത വിളര്‍ച്ചയും ന്യുമോണിയയും മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. എന്നാല്‍, പരിശോധിച്ച ഡോക്ടര്‍ ‘ചെസ്റ്റ് ക്ലിയര്‍’ എന്നടക്കം പരിശോധന കുറിപ്പെഴുതി പറഞ്ഞ് വിട്ടത് ഗുരുതര വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംഭവം വിവാദമായതോടെയാണ് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയത്. പ്രസവ ശേഷം കുട്ടിയെ സന്ദര്‍ശിച്ച് പരിചരിക്കേണ്ട കാരക്കാമല സബ് സെന്റര്‍ ജീവനക്കാര്‍ക്കും ഐ.സി.ഡി.എസ് അംഗങ്ങള്‍ അടക്കമുള്ളവര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രാഥമികമായി കുറ്റകരമായ അനാസ്ഥ കാണുന്നതായും അന്വേഷണത്തിന് ശേഷം നടപടിയുണ്ടാവുമെന്നും ഒ.ആർ. കേളു എം.എൽ.എയും ഡി.എം.ഒ ഡോ. പി. ദിനീഷും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.