കല്പറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ ജീവനക്കാരും പ്രത്യക്ഷ സമരവുമായി രംഗത്ത്. 30ന് പാതിരിപ്പാലത്തുള്ള ഓഫിസിലേക്ക് മാർച്ച് നടത്താനാണ് ബ്രഹ്മഗിരി തൊഴിലാളി കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, നിക്ഷേപകർ രൂപവത്കരിച്ച ബ്രഹ്മഗിരി വിക്ടിംസ് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളുമായി വെള്ളിയാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍നിന്നു മാനേജ്മെന്റ് പിന്മാറി. ചർച്ച മാറ്റിവെക്കുന്നതായി തലേദിവസം വൈകുന്നരം ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ മാനേജ്മന്റെ് വിളിച്ചറിയിക്കുകയായിരുന്നു. 24ന് ചർച്ച നടത്താമെന്നും 21ലെ സമരം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിക്ക് ബ്രഹ്മഗിരി സി.ഇ.ഒ കത്തയിച്ചിരുന്നു.
എന്നാൽ, മാസങ്ങൾ ചർച്ച നടത്തിയിട്ടും തീരുമാനമാവാതെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചപ്പോൾ വീണ്ടും ചർച്ച നടത്താമെന്ന് പറയുന്നതിന് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളാണെന്ന് ആരോപിച്ച് സമരത്തിൽ നിന്ന് പിൻമാറാൻ ആക്ഷൻ കമ്മിറ്റി തയാറായിരുന്നില്ല. നവകേരള സദസ്സ് വയനാട്ടിലെത്തുന്ന സമയത്ത് സമരവുമായി നിക്ഷേപകർ രംഗത്ത് വരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നതും ചർച്ചക്ക് വിളിക്കാൻ കാരണമായി വിലയിരുത്തിയിരുന്നു. 120 ഓളം നിക്ഷേപകരാണ് ബ്രഹ്മഗിരി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തത്. നിക്ഷേപ തുക തിരിച്ചു കിട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസ്സിൽ 130ൽ അധികം നിക്ഷേപകർ ഒപ്പിട്ട പരാതിയും ആക്ഷൻ കമ്മിറ്റി നൽകിയിട്ടുണ്ട്. കൂടാതെ നിക്ഷേപകർ ഒറ്റക്കൊറ്റായും നിരവധി പരാതികൾ നൽകി.
ഒരു വർഷത്തോളമായി ശമ്പളം മുടങ്ങിക്കിടക്കുന്ന ഇരുനോറോളം ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മാസം ഏഴിന് ഫാക്ടറിയിലേക്ക് മാർച്ച് നടത്തുമെന്ന് കാണിച്ച് ജീവനക്കാരുടെ കൂട്ടായ്മ സൊസൈറ്റി മാനേജ്മന്റെിന് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് സമരം നിർത്തിവെക്കണമെന്നും 17ന് ഇതു സംബന്ധിച്ച് ചർച്ച നടത്താമെന്നും മാനേജ്മന്റെ് അറിയിച്ചതിനെ തുടർന്നാണ് സമരം നിർത്തിവെച്ചത്. എന്നാൽ തീരുമാനമൊന്നും ആകാത്തതിനെതുടർന്നാണ് 30ന് ബ്രഹ്മഗിരി ഓഫിസിലേക്ക് മാർച്ച് നടത്താൻ ജീവനക്കാരുടെ കൂട്ടായ്മയും തീരുമാനിച്ചത്.
വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ 200ലധികം ജീവനക്കാർക്കാണ് 2022 ഒക്ടോബർ മുതൽ ശമ്പളം മുടങ്ങിക്കിടക്കുന്നത്. നിലവിൽ ഫാക്ടറി പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണെങ്കിലും ഇതിനോടനുബന്ധിച്ചുള്ള കോഫി, കൃഷി, െഡയറി സ്ഥാപനങ്ങളിൽ കുറഞ്ഞ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. എന്നാൽ, ഇവർക്കും ഭാഗികമായി മാത്രമാണ് ശമ്പളം ലഭിക്കുന്നത്. പാർട്ടി ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നിക്ഷേപകരും ജീവനക്കാരും. എന്നാൽ, പ്രശ്ന പരിഹാരത്തിന് മുന്നോട്ട് വെച്ച സമയം കഴിഞ്ഞ് മാസങ്ങളായിട്ടും തുടർനീക്കങ്ങളൊന്നും പാർട്ടിയുടേയോ സൊസൈറ്റിയുടേയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. 80 കോടിയുടെ ബാധ്യതയാണ് സൊസൈറ്റിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.