കൽപറ്റ: കൽപറ്റ നഗരത്തിനടുത്ത പെരുന്തട്ടയിൽ വീണ്ടും കടുവ ഭീതി. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പെരുന്തട്ട നടുപ്പാറയിലാണ് കടുവ ഇറങ്ങിയത്. പശുക്കിടാവിനെ കടുവ കൊന്നു. പ്രദേശവാസികൾ കടുവയെ നേരിട്ട് കണ്ടതോടെ ഭീതി ഇരട്ടിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് പെരിന്തട്ട പുളിയാർക്കുന്ന് സതീഷിന്റെ പശുക്കിടാവിനെ കടുവ ആക്രമിച്ചത്. ആളുകൾ ബഹളം വെച്ചതോടെ കടുവ പശുക്കിടാവിനെ ഉപേക്ഷിച്ച് ഓടി മറഞ്ഞു. രണ്ടാഴ്ചക്കിടെ പ്രദേശത്തെ രണ്ടാമത് വന്യമൃഗ ആക്രമണമാണിത്.
ആക്രമണത്തിനിരയായ പശുവിനെ രാത്രിയിൽ തന്നെ പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച് ചികിത്സ നൽകി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പശുക്കിടാവ് ചത്തു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മുറിവ് പരിശോധിച്ച വെറ്ററിനറി ഡോക്ടർമാർ പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നാലുപാടും തേയിലത്തോട്ടമുള്ള പ്രദേശമാണിത്. കാടുവെട്ടിത്തെളിച്ച് തോട്ടങ്ങൾ കൃത്യമായി പരിപാലിക്കാത്തതിനാൽ ഇവിടങ്ങളിൽ വന്യമൃഗങ്ങൾ തമ്പടിക്കുന്നതായാണ് നാട്ടുകാർപറയുന്നത്. പ്രദേശത്തെ സ്കൂളിലേക്ക് കുട്ടികൾ തേയിലത്തോട്ടത്തിലെ ഇടവഴികളിലൂടെയാണ് നടന്നു പോകുന്നത്.
ഈ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. അടുത്തിടെ ഇവിടെ പുലിയെ കണ്ടിരുന്നു. പുലിക്കായി ഒരു മാസം മുമ്പ് കൂടു വച്ചെങ്കിലും ഇതുവരെയും കുടുങ്ങിയിട്ടില്ല. വന്യമൃഗങ്ങളെ പിടികൂടുന്നതിന് വനംവകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.