കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ് പദ്ധതിക്കായി കണ്ടെത്തിയ കൽപറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ റവന്യൂവകുപ്പിന്റെ അന്തിമ സർവേ ഇന്ന് പൂർത്തീകരിക്കും. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന സർവേ നടപടികളിൽ സർക്കാർ ആവശ്യപ്പെട്ട വിവിധ വിവരങ്ങൾ അടയാളപ്പെടുത്തും. അതേസമയം, മരത്തിന്റെ കണക്കെടുപ്പ് അടക്കമുള്ള നടപടികൾ അഞ്ചുദിവസം കൂടി തുടരും. ഭൂമിയിലെ കുഴിക്കൂര്‍ (കൃഷി) വിലനിർണയ സർവേയാണ് പുരോഗമിക്കുന്നത്.
മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സ്പെഷല്‍ ഓഫിസര്‍ ഡോ. ജെ.ഒ അരുണ്‍, എ.ഡി.എം കെ ദേവകി, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ പി.എം. കുര്യന്, സ്പെഷല്‍ തഹസില്‍ദാര്‍ ബി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഇന്‍സ്പെക്ടര്‍/വിലേജ് ഓഫിസര്‍ ടീം ലീഡറും രണ്ട് ക്ലര്‍ക്ക്, രണ്ട് വില്ലേജ്മാന്‍, വനം- കൃഷി വകുപ്പ് ജീവനക്കാര്‍, സർവേ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി 10 ടീമുകളായി തിരിഞ്ഞാണ് സർവേ പുരോഗമിക്കുന്നത്.
ഒരു ടീം അഞ്ച് ഹെക്ടര്‍ സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കും. പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിന് ശേഷമുള്ള സ്ഥലമാണ് ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുക. പുനരധിവാസ പ്രവൃത്തിക്കായി ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന് മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഫീല്‍ഡ് സർവേ പൂര്‍ത്തിയാകുന്നതോടെ ടൗണ്‍ഷിപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗതിലാവും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കൽപറ്റ നഗരസഭയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി ഗ്രാമപഞ്ചായത്തിലുമാണ് ഉള്‍പ്പെടുന്നത്.
ഭൂമി വിലയിലുണ്ടാവുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിന് അഞ്ച് സെന്റും നെടുമ്പാലയില്‍ ഒരു കുടുംബത്തിന് 10 സെന്റുമായിരിക്കും നല്‍കുക. ടൗണ്‍ഷിപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ വീടുകള്‍ക്ക് പുറമെ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങളും സജ്ജമാക്കും.
ടൗണ്‍ഷിപ്പിലൂടെ പുനരധിവസിക്കപ്പെട്ട ശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അതത് വ്യക്തികള്‍ക്ക് തന്നെയായിരിക്കും. ഭൂമി ഉടമകളില്‍നിന്ന് അന്യം നിന്നുപോകില്ല. ഉരുള്‍പൊട്ടിയ ഭൂമി വന പ്രദേശമായി മാറാതിരിക്കാന്‍ കലക്റ്റീവ് ഫാമിങ് പോലുള്ള ഉല്പാദന ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിഗണിക്കും. ടൗണ്‍ഷിപ് ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ജനുവരി 25 നകം പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.