കൽപറ്റ: ദേശീയപാത 766ൽ മുത്തങ്ങ വഴിയുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന ആവശ്യം ശക്തമായിരിക്കെ സുപ്രീം കോടതിയിൽ കർണാടക സ്വീകരിച്ച നിലപാട് കേരളത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് കാലത്ത് പ്രിയങ്ക ഗാന്ധിയടക്കം രാത്രിയാത്ര നിരോധനം നീക്കുന്ന കാര്യത്തിൽ ഇടപെടുമെന്ന് ഉറപ്പുനൽകിയിരുന്ന സാഹചര്യത്തിൽ കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ തന്നെ വിരുദ്ധ നിലപാട് സ്വീകരിച്ചത് പാർട്ടിക്ക് ക്ഷീണമാകും. പാത പൂർണമായും അടച്ചിടാമെന്നാണ് കർണാടക സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ബന്ദിപ്പൂർ കടുവ സങ്കേതം ഡയറക്ടറാണ് ഇക്കഴിഞ്ഞ 18ന് ഇതുസംബന്ധിച്ച് സത്യവാങ്മൂലം നൽകിയത്.
നിലവിൽ നാഗർഹോള കടുവ സങ്കേതത്തിന്റെ അതിർത്തിയിലൂടെ പോകുന്ന കുട്ട-ഗോണിക്കുപ്പ സംസ്ഥാന ഹൈവേ ബദൽപാത എന്ന നിലയിൽ 75 കോടി രൂപ ചെലവഴിച്ച് കർണാടക സർക്കാർ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചിട്ടുണ്ടെന്നും ഇതുവഴി കൂടുതലായി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
കുട്ട-ഗോണിക്കുപ്പ സംസ്ഥാന ഹൈവേ ദേശീയപാത 766ന് ബദലായി കണക്കാക്കി രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന എൻ.എച്ച് 766 പൂർണമായി അടച്ചിടാമെന്നാണ് ഡയറക്ടർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. നേരത്തേ ദേശീയപാത 766ൽ ചിക്കബർഗി-വള്ളുവാടി ബദൽപാത, ഉയരപ്പാത, തുരങ്ക പാത എന്നീ നിർദേശങ്ങൾ ഉയർന്നിരുന്നു. അതിനാലാണ് സംസ്ഥാന ഹൈവേ ബദൽ പാതയായി നവീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കർണാടക പുതുതായി നൽകിയിരിക്കുന്ന സത്യവാങ്മൂലം ദേശീയപാതയിലെ രാത്രിയാത്ര നിരോധനം നീക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നിരോധനം നീക്കുന്നതിന് കർണാടക ഭരിക്കുന്ന കോൺഗ്രസിൽ സമ്മർദം ചെലുത്തണമെന്ന് രാഹുൽഗാന്ധി എം.പി ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെടുമ്പോഴാണ് കർണാടകയുടെ ഈ നിലപാട്. നിലവിൽ ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്.
യോജിച്ച തീരുമാനമെടുത്തു പറയാനാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനോടും കേരള-കർണാടക സർക്കാറുകളോടും കോടതി നിർദേശം. 2009 ആഗസ്റ്റിലാണ് ദേശീയപാത 766ൽ ബന്ദിപ്പൂർ വനമേഖലയിൽ 19 കി.മീറ്റർ ദൂരത്തിൽ രാത്രി ആറു മുതൽ രാവിലെ ഒമ്പതുവരെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.