കൽപറ്റ: വയനാടിന്റെ ഗ്രാമ -നഗരങ്ങളെ ബന്ധിപ്പിച്ച കെ- ഫോണ്‍ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലയില്‍ 1016 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കെ- ഫോണ്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല പൂര്‍ത്തിയായത്. 578 സര്‍ക്കാര്‍ ഓഫിസുകളിലും 61 വീടുകളിലും ആദ്യഘട്ടത്തില്‍ കെ- ഫോണ്‍ കണക്ഷന് നല്കി.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡല അടിസ്ഥാനത്തിലും പ്രാദേശിക ഉദ്ഘാടനങ്ങള്‍ നടന്നു. മാനന്തവാടിയില്‍ ഒ.ആര് കേളു എം.എല്‍.എ പ്രാദേശികതല ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജക മണ്ഡല പരിധിയിലെ 224 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 18 ബി.പി.എല്‍ കുടുംബങ്ങള്‍ക്കുമാണ് കെ- ഫോണിന്റെ സേവനം ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്.
കല്പറ്റ നിയോജക മണ്ഡലതല ഉദ്ഘാടനം കല്പറ്റ നഗരസഭ ഓഫിസില്‍ ചെയര്മാന് കേയംതൊടി മുജീബ് നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ സര്‍വജന ഗവ. വൊക്കേഷനല്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ റോഡ് വീതികൂട്ടല്‍ പ്രവൃത്തികള്‍ നടക്കുന്ന പ്രദേശങ്ങള്‍ ഒഴികെയുള്ള ബാക്കി പ്രദേശങ്ങളെല്ലാം കെ- ഫോണ്‍ കേബിള്‍ ശൃംഖലയെത്തി. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഈ പ്രദേശങ്ങളിലും കെ- ഫോണ്‍ കേബിളുകളെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.