കൽപറ്റ: ജില്ലയിലെ പതിനായിരം അയൽക്കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ വനിതകള്‍ തിരികെ സ്കൂളിലേക്കെത്തും. മനോഹരമായ ബാല്യകാലം പുനര്‍സൃഷ്ടിച്ച് പുതിയ അറിവുകളും സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് തിരികെ സ്കൂള്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്. ഇതിനായി സ്കൂളുകള്‍ അവധി ദിവസങ്ങളില്‍ വിട്ടുനല്‍കാന്‍ വിദ്യാഭ്യസ വകുപ്പ് ഉത്തരവ് നല്കി.
കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ജെൻഡര്‍, ന്യൂതന ഉപജീവന മാര്‍ഗങ്ങള്‍, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. ഉച്ചഭക്ഷണവും ലഘു ഭക്ഷണവും പഠിതാക്കള്‍ കൊണ്ടുവരണം. ഇത് പങ്കുവെച്ച് കഴിക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമുള്ള അവസരമായി സ്കൂള്‍ മാറും.
ഒരു പഞ്ചായത്ത് പരിധിയില്‍ 12 മുതല്‍ 20 വരെ റിസോഴ്സ് പേഴ്സൻമാര്‍ക്ക് ക്ലാസുകളെടുക്കുന്നതിന് പരിശീലനം നല്‍കും. ഒക്ടോബര്‍ ഒന്നിനും ഡിസംബര്‍ 10നും ഇടയിലാണ് പദ്ധതി നടപ്പാക്കുക. ഒരു ദിനം ഒരു സ്കൂളില്‍ 750 മുതല്‍ 1000 കുടുംബശ്രീ പ്രവര്‍ത്തകരെ വരെ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ജില്ല തല റിസോഴ്സ് പേഴ്സൻമാര്ക്കുള്ള പരിശീലനം സെപ്റ്റംബര്‍ 19,20 തീയതികളില്‍ മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ നടക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 21 മുതല്‍ 24 വരെ പഞ്ചായത്ത് തല റിസോഴ്സ് പേഴ്സൻമാര്ക്കുള്ള പരിശീലം ബ്ലോക്ക് തലത്തില്‍ നടക്കും. ഒക്ടോബര്‍ ഒന്നിന് എല്ലാ പഞ്ചായത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ച് ക്ലാസുകള്‍ ആരംഭിക്കും.
കാമ്പയിന് വിജയിപ്പിക്കാനാവശ്യമായ ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയതായി കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ പി.കെ. ബാലസുബ്രമണ്യന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.