കൽപറ്റ: കൽപറ്റ തുർക്കി സ്വദേശി സഹൂദ് ഫൈസലിന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ഗോൾകീപ്പർ ലെവൽ വൺ ലൈസൻസ് ലഭിച്ചു. ഈ ലൈസൻസ് സ്വന്തമാക്കുന്ന വയനാട്ടിലെ രണ്ടാമത്തെ വ്യക്തിയും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനുമാണ് സഹൂദ്.
രാജ്യത്തെ ഫുട്ബാൾ അതിവേഗം വളരുമ്പോഴും മികച്ച പരിശീലകർക്കായി രാജ്യം വിദേശികളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ ഏഷ്യയിലെ ലെവൽ വൺ പരിശീലക ലൈസൻസ് സഹൂദിന് ലഭിക്കുമ്പോൾ അതിൽ വയനാടിനും അഭിമാനിക്കാം.
ലൈസൻസ് നേടിയതോടെ സഹൂദിന് രാജ്യത്തിന്റെ അകത്തുംപുറത്തുമുള്ള ടീമുകളെയും ക്ലബുകളെയും പരിശീലിപ്പിക്കാനാവും. കഴിഞ്ഞമാസം പഞ്ചാബിൽ നടന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ കോഴ്സിലാണ് സഹൂദ് വിജയിച്ചത്. സന്തോഷ് ട്രോഫി, ഐ ലീഗ്, ഇന്ത്യൻ സൂപ്പർലീഗ് റിസേർവ് ടീമുകളുടെ ഗോൾകീപ്പർമാർക്ക് പരിശീലനം നൽകാൻ സാധിക്കും.
സംസ്ഥാനത്തുതന്നെ വളരെ ചുരുക്കം പേർക്കാണ് ഈ ലൈസൻസ് ലഭിച്ചിട്ടുള്ളത്. ഇതുകൂടാതെ ഏഷ്യൻ ഫുട്ബാൾ ഫെഡറേഷന്റെ സി ലൈസൻസ്, എ.ഐ.എഫ്.എഫ്.ഡി ലൈസൻസ്, ഇന്റർനാഷനൽ പ്രഫഷനൽ സ്കൗട്ടിങ് ലെവൽ വൺ, ലെവൽ -2, ലെവൽ -3 ലൈസൻസ്, ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ ലെവൽ വൺ ടാലന്റ് ഐഡന്റിഫിക്കേഷൻ എന്നിങ്ങനെ ഒട്ടേറെ നേട്ടങ്ങൾ സഹൂദ് സ്വന്തമാക്കിയിട്ടുണ്ട്.
കൽപറ്റ സ്വദേശി ജി.എസ്. ബൈജു, മേപ്പാടി സ്വദേശി ഷഫീഖ് ഹസൻ, അരപ്പറ്റ സ്വദേശി ഫൈസൽ ബാപ്പു എന്നിവരുടെ ശിക്ഷണത്തിലാണ് സഹൂദ് ഫുട്ബാൾ പരിശീലനത്തിലേക്ക് കടന്നുവരുന്നത്. നിലവിൽ സ്പാനിഷ് ലീഗ് കളിക്കുന്ന ക്ലബായ വില്ല റിയൽ അക്കാദമി ബംഗളൂരിന്റെ അണ്ടർ -18 വിഭാഗത്തിന്റെ ഹെഡ് കോച്ചാണ് സഹൂദ്.
ഫുട്ബാൾ അക്കാദമി ഓഫ് ബംഗളൂരു, ബംഗളൂരു സൂപ്പർ ഡിവിഷൻ ക്ലബ്, ജവാർ യൂനിയൻ എഫ്.സി, വൈറ്റ് ഈഗിൾ എഫ്.സി ലഖ്നോ, ക്വാർട്ടസ് സോക്കർ കാലിക്കറ്റ്, കേരള ബ്ലാസ്റ്റേഴ്സ് സ്കോർലൈൻ, അൽ ഇത്തിഹാദ് അക്കാദമി എന്നിവിടങ്ങളിൽ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. കൽപറ്റ തുർക്കി സ്വദേശികളായ ലത്തീഫിന്റെയും സഹിദയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.