കൽപറ്റ: പതിറ്റാണ്ടുകളായി രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുകയാണ് പടിഞ്ഞാറത്തറ പഞ്ചായത്തിലെ വരട്ടിയാൽകുന്ന് കോളനിവാസികൾ. കുടിവെള്ള പദ്ധതിക്കുള്ള ശ്രമം വാർഡ് മെംബറുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും സാങ്കേതികത്വങ്ങളിൽ കുടുങ്ങി യാഥാർഥ്യമാവാത്തതിനാൽ, കുറച്ചകലെയുള്ള സ്കൂളിന്റെ കിണറിൽനിന്നാണ് ഇവർ ദിവസവും തലച്ചുമടായി വെള്ളം വീടുകളിൽ എത്തിക്കുന്നത്.
ദുരിതപൂർണമായ ജീവിതത്തിന് എന്ന് മുക്തി നേടുമെന്ന ആശങ്കയിലാണിവർ. പടിഞ്ഞാറത്തറ കുറുമണി വാർഡിലെ ഈ കോളനിയിൽ 147 പേരാണുള്ളത്. 24 വീടുകളിലായി 35 കുടുംബങ്ങളാണ് താമസിക്കുന്നുണ്ട്. ഇതിൽ 11 കുടുംബങ്ങൾക്ക് വീടുമില്ല.
കോളനിയിൽ ആകെയുള്ള രണ്ട് കിണറുകളിൽ ഒന്ന് നിർമിച്ച് ഒരു വർഷമാവുന്നതിന് മുമ്പ് വറ്റിപ്പോയി. പിന്നീട് ഇവർക്ക് ഇതിൽനിന്ന് വെള്ളം ലഭിച്ചിട്ടില്ല.
രണ്ടാമത്തെ കിണറിൽ വെള്ളമുണ്ടെങ്കിലും മലിനമായതിനാൽ കുടിക്കാനും പാചക ആവശ്യത്തിനും ഉപയോഗിക്കാനാവില്ല. ഈ കിണറും വേനൽ കനക്കുന്നതോടെ എല്ലാ വർഷവും വറ്റാറുണ്ടെന്ന് കോളനിവാസികൾ പറയുന്നു. വിവിധ ആവശ്യങ്ങൾക്കായി പുഴയെയാണ് ആശ്രയിച്ച് വരുന്നത്.
കുടിക്കാനും പാചക ആവശ്യത്തിനുമുള്ളത് കുപ്പാടിത്തറ എസ്.എ.എൽ.പി സ്കൂളിന്റെ കിണറിൽനിന്നും ശേഖരിച്ച് തലച്ചുമടായി കൊണ്ടുവരണം. അധികൃതരോട് പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് കോളനിവാസികൾ.
പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോളനിയിലേക്ക് കുടിവെള്ളമെത്തിക്കാൻ പദ്ധതി തയാറാക്കിയിരുന്നെങ്കിലും അത് മുടങ്ങിയ നിലയിലാണ്. എം.എൽ.എ ഫണ്ട് ലഭിച്ചാൽ അടുത്ത വർഷമേ പദ്ധതി ആരംഭിക്കാനാവൂ. വേനൽ കനക്കുന്നതോടെ കോളനിയിലെ കിണർ വറ്റാനും സ്കൂളിലെ കിണറിൽ വെള്ളം കുറയാനും സാധ്യതയുണ്ട്.
ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളുമെല്ലാം ഇടപെട്ട് കോളനിയിൽ കുടിവെള്ളം ലഭ്യമാക്കണമെന്നാണ് ആവശ്യം. നിലവിലെ കിണർ വൃത്തിയാക്കി മാലിന്യം തള്ളാൻ കഴിയാത്തവിധം ഇരുമ്പ് വല സ്ഥാപിച്ചാലും കുടിവെള്ള പ്രശ്നം ഭാഗികമായെങ്കിലും പരിഹരിക്കപ്പെടും.
കോളനിയിൽ 27 വിദ്യാർഥികളുണ്ട്. 14 പേർ എൽ.പിയിലും യു.പിയിൽ ആറുപേരും ഹൈസ്കൂളിൽ ആറുപേരും ഹയർ സെക്കൻഡറിയിൽ ഒരാളും പഠിക്കുന്നു. യു.പി മുതലുള്ള ക്ലാസുകളിലെ വിദ്യാർഥികൾ പലപ്പോഴും വിദ്യാലയങ്ങളിൽ എത്താത്ത സ്ഥിതിയാണ്.
ഗോത്രസാരഥി പദ്ധതിയിൽ വാഹനങ്ങൾ കോളനിയിലെത്തുമെങ്കിലും കുട്ടികൾ സ്കൂളിൽ പോവാത്തതും പതിവാണ്. എൽ.പി സ്കൂൾ കോളനിക്ക് സമീപത്തുതന്നെ ആയതിനാൽ, അധ്യാപകരുടേയും ശ്രദ്ധയുണ്ടാവുന്നതിനാൽ കുട്ടികൾ സ്കുളിൽ എത്തുന്നുണ്ട്.
യു.പി മുതലുള്ളവർ പഠിക്കുന്നത് കിലോമീറ്ററുകൾക്ക് അപ്പുറമുള്ള പടിഞ്ഞാറത്തറ സ്കൂളിലാണ്. ചിലപ്പോഴൊക്കെ അധ്യാപകർ നേരിട്ട് ഇവിടെ എത്താറുണ്ടെങ്കിലും കുട്ടികൾ സ്കൂളിൽ പോവാത്തത് തുടരുകയാണ്. അഞ്ച് വിദ്യാർഥികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവരാണ്. ഇവരടക്കം കൃത്യമായി സ്കൂളിൽ എത്താത്തത് തുടർക്കഥയാണ്.
മൂന്നുപേർ ക്ലാസിലെത്തുന്നത് അപൂർവമാണ്. ഇത് സ്കൂളിന്റെ എസ്.എസ്.എൽ.സി ഫലത്തെവരെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇവരെ സ്ഥിരമായി സ്കൂളിലെത്തിക്കാനുള്ള ക്രിയാത്മക ഇടപെടൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരിൽനിന്നടക്കം ഉണ്ടാവണമെന്ന ആവശ്യമാണ് ഉയരുന്നത്.
വരട്ടിയാൽകുന്ന് കുടിവെള്ള പദ്ധതി യാഥാർഥ്യമാവാത്തതിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണമാണെന്ന് വാർഡംഗവും പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഗിരിജ കൃഷ്ണ ആരോപിച്ചു.
കോളനിയിൽ കുടിവെള്ളം എത്തിക്കാൻ എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ച് 42 ലക്ഷത്തിന്റെ പദ്ധതി തയാറാക്കിയിരുന്നു. തുടർന്ന് കിണറിന് സ്ഥലം ലഭ്യമാക്കണമെന്ന് ജല അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടു. പിന്നീട്, ഉലഹന്നാൻ എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്തിന്റെ രേഖകൾ അധികൃതർക്ക് കൈമാറി.
എന്നിട്ടും പദ്ധതി പ്രാവർത്തികമാക്കാൻ ജല അതോറിറ്റി അധികൃതർ തയാറായില്ല. ജൽജീവൻ മിഷൻ പദ്ധതി വരുമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട്, പദ്ധതി നടത്തിപ്പിന് ജനകീയ കമ്മിറ്റി രൂപവത്കരിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ എം.പി ഫണ്ട് കാലാവധി കഴിഞ്ഞതിനാൽ ലാപ്സായി.
പദ്ധതി ആരംഭിക്കാൻ അഞ്ച് ലക്ഷം രൂപ ഫണ്ട് നൽകാൻ നിലവിലെ എം.എൽ.എ ടി. സിദ്ദീഖ് സന്നദ്ധമാണെങ്കിലും അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പുതന്നെ എം.എൽ.എയുടെ ഈ വർഷത്തെ പ്ലാൻ ഫണ്ട് വിഹിതം കഴിഞ്ഞിരുന്നു. അതിനാൽ അടുത്ത വർഷം തുക വകയിരുത്തി പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിരിജ കൃഷ്ണ പറഞ്ഞു.
കോളനിയിലുള്ളവർ സ്ഥിരമായി എൽ.പി സ്കൂളിലെ കിണറിനെ ആശ്രയിക്കുന്നത് വിദ്യാലയത്തിലെ ഭക്ഷണം പാചകം ചെയ്യുന്നതിനെയടക്കം വേനൽ കഠിനമാവുന്ന മാസങ്ങളിൽ ബാധിക്കാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സ്കൂൾ കിണറിൽ വെള്ളം കുറയുന്നതിനാൽ കോളനിയിലുള്ളവർ വെള്ളം ശേഖരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. കോളനിവാസികൾക്ക് കുടിവെള്ള സൗകര്യം ലഭ്യമാവൽ സ്കൂളിന്റെകൂടി ആവശ്യമായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.