കൽപറ്റ: സ്ഥലംമാറ്റവും സസ്പെൻഷനും പരിശീലനവും ജില്ലയിലെ വനംവകുപ്പിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്നു. സൗത്ത് വയനാട് ഡി.എഫ്.ഒയെ കാസർകോടേക്ക് സ്ഥലം മാറ്റിയതിനെ തുടർന്ന് ഒലവക്കോട് അസി. ഫോറസ്റ്റ് കൺസർവേറ്റർക്ക് സൗത്ത് വയനാട് ഡിവിഷന്റെ അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നാണ് വനംവകുപ്പ് ജീവനക്കാർ തന്നെ പറയുന്നത്.
സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും പകരം നിയമനം നടത്താതെ അധിക ചുമതല നൽകിയിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ വന്യമൃഗശല്യമുള്ള വയനാട്ടിൽ റേഞ്ച് ഓഫിസർമാരെ കൂട്ടത്തോടെ പരിശീലനത്തിനയച്ചതും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ടെറിട്ടോറിയലിലും ഫ്ലയിങ് സ്ക്വാഡിലും സാമൂഹിക വനവത്കരണ വിഭാഗത്തിലു ഉൾപ്പെടെ 14 റേഞ്ച് ഓഫിസർമാരാണ് ജില്ലയിലുള്ളത്.
ഇതിൽ മൂന്ന് മാസക്കാലത്തെ പരിശീലനവുമായി ബന്ധപ്പെട്ട് നാല് റേഞ്ച് ഓഫിസർമാരാണ് പുറത്തേക്ക് പോയത്. കൽപറ്റ റേഞ്ച്, കൽപറ്റ ഫ്ലൈയിങ് സ്ക്വാഡ് ഓഫിസർമാരെ സുഗന്ധഗിരി മരംമുറിയുടെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയരായി സസ്പെൻഷനിലുമാണ്.
പേര്യ, മേപ്പാടി, ചെതലയം, സുൽത്താൻ ബത്തേരി വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ റേഞ്ച് ഓഫിസർമാരാണ് പരിശീലനത്തിലുള്ളത്. ആളില്ലാത്തിടത്തെല്ലാം അധിക ചുമതലയാണ് നൽകിയിരിക്കുകയാണ്. ഇത് വനംവകുപ്പിന്റെ എല്ല തലത്തിലുമുള്ള പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്.
മാനന്തവാടി റേഞ്ച് ഓഫിസർക്കാണ് മേപ്പാടിയുടെ അധികച്ചുമതലയെങ്കിലും വന്യജീവി ശല്യം ഏറ്റവും രൂക്ഷമായ മാനന്തവാടിയിൽ റേഞ്ച് ഓഫിസറുടെ സ്ഥിര സാന്നിധ്യം ആവശ്യമുണ്ട്. അതു കൊണ്ടുതന്നെ വന്യമൃഗശല്യം കൂടുതലുള്ള മേപ്പാടി റേഞ്ചിലെ കാര്യങ്ങളിൽ ഇടപെടുക ദുഷ്കരമാണ്. രണ്ടിടങ്ങളിലും ഒരു പോലെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന പ്രശ്നങ്ങൾ ധാരാളമുണ്ട്.
ഡി.എഫ്.ഒയുടെ സ്ഥിരം ചുമതലയില്ലാത്തത് സൗത്ത് വയനാട് ഡിവിഷന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ജില്ലയിൽ മാസങ്ങളായി വനം ഉദ്യോഗസ്ഥരുടെ അഭാവം കാര്യമായി പ്രതിസന്ധി സൃഷ്ടിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടൽ ഇതുവരെ ഉണ്ടായിട്ടില്ല.
വയനാട്ടിൽ പലയിടങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. ഇത്തരം അവസരങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത് റേഞ്ച് ഓഫിസർമാരാണ്. ആളില്ലാതെ വരുമ്പോൾ അതുകൊണ്ട് തന്നെ മുഴുവൻ പ്രവർത്തനങ്ങളും അവതാളത്തിലാവും.
കൽപറ്റ: സുഗന്ധഗിരിയിലെ അനധികൃത മരംമുറിയിൽ വനം ഉദ്യോഗസ്ഥർ പ്രതികളായതോടെ മരം കടത്താനുള്ള പാസ് നൽകുന്നതും വനംവകുപ്പ് നിർത്തിവെച്ചു. ഇതുകാരണം മരക്കച്ചവടക്കാർ കടുത്ത പ്രതിസന്ധിയലായി. മരംമുറിക്കുന്നതിനാവശ്യമായ അനുമതി നൽകുന്നതിനും മുറിച്ച മരം മാറ്റുന്നതിനും മരങ്ങൾ കടത്താനുള്ള പാസ് അനുവദിക്കുന്നതിലുമാണ് വനം ഉദ്യോഗസ്ഥർ പുറം തിരിഞ്ഞു നിൽക്കുന്നത്.
ഇതു കാരണം മുറിച്ചിട്ട മരങ്ങൾ കടത്താനാവാതെ കച്ചവടക്കാർ കടുത്ത പ്രതിസന്ധിയിലായി. കാലവർഷം രൂക്ഷമായാൽ മരം കടത്തുക പ്രതിസന്ധിയിലാവുമെന്നാണ് കച്ചവടക്കാർ പറയുന്നത്. അനുമതിപ്രകാരം മുറിച്ചിട്ട മരങ്ങൾ നീക്കംചെയ്യുന്നതിനുള്ള പാസ് അനുവദിക്കുന്നത് വനംവകുപ്പിന്റെ ഔദ്യോഗികമായി നിർത്തലാക്കിയിട്ടില്ലെങ്കിലും സുഗന്ധഗിരിയിലെ അനധികൃത മരംമുറി വിവാദത്തിന് ശേഷം വാക്കാൻ അത്തരം നിർദേശം നൽകിയാതായാണ് അറിയുന്നത്.
റേഞ്ച് ഓഫിസർമാർ വകുപ്പുതല ട്രെയിനിങ്ങിനു പോയ സ്ഥലങ്ങളിൽ അവർ തിരിച്ചുവന്ന ശേഷം നോക്കാമെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഉദ്യോഗസ്ഥർ പരിശീലനത്തിനു പോകുന്നതിനുമുമ്പ് മുറിക്കാൻ അനുമതി നൽകിയ സ്ഥലങ്ങളിൽ മുറിച്ചിട്ട മരങ്ങൾ കടത്താനാകാതെ വ്യാപാരികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
മേപ്പാടിയിലെ ചുമതല മുത്തങ്ങ റേഞ്ച് ഓഫിസർക്കും ചെതലയത്തെ ചുമതല കുറിച്യാട് റേഞ്ച് ഓഫിസർമാർക്കുമാണെങ്കിലും വിവാദങ്ങൾ ഭയന്ന് ഫയലുകൾ നീക്കുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.
മഴക്കാലത്തിനു മുന്നോടിയായി തോട്ടങ്ങളിലെ തണൽമരങ്ങൾ മുറിച്ചുമാറ്റുന്നത് മരക്കച്ചവടക്കാർക്കും കർഷകർക്കും വരുമാനമാണ്. എന്നാൽ ഈ വർഷം അനുമതി കിട്ടാത്തത് കാരണം അതും നിലച്ചു. അതേസമയം, അനുമതിയില്ലാതെ നിരവധി തോട്ടങ്ങളിൽ നിന്ന് നിർബാധം മരംമുറി നടക്കുന്നുണ്ടെന്ന് കച്ചവടക്കാർ തന്നെ പറയുന്നു.
കൽപറ്റ: കർഷകർക്ക് മുറിക്കാൻ അർഹതപ്പെട്ടതും അവകാശമുള്ളതുമായ വീട്ടി, തേക്ക് മരങ്ങൾ മുറിക്കാൻ അനുമതി നൽകാതെ നീതി നിഷേധിക്കുന്ന വനംവകുപ്പിന്റെ നിലപാടിനെതിരെ ജില്ലയിലെ മരം വ്യാപാരികൾ സമരത്തിന് ഒരുങ്ങുന്നു.
അശാസ്ത്രീയമായി വനംവകുപ്പ് എടുക്കുന്ന നിലപാട് ഏറെയും ബാധിക്കുന്നത് കർഷകരെയാണെന്നും ആവശ്യത്തിന് പണം ലഭിക്കാതെ കർഷകരും മുടക്കിയ പണം തിരിച്ചെടുക്കാൻ കഴിയാതെ മരം വ്യാപാരികളും പ്രയാസമനുഭവിക്കുകയാണെന്നും മരം വ്യാപാരികളുടെ സംഘടന ആരോപിക്കുന്നു.
വന്യമൃഗ ശല്യവും കാലവർഷക്കെടുതികളും രൂക്ഷമായ സാഹചര്യത്തിൽ സദാസമയത്തും സന്നദ്ധരായിരിക്കേണ്ട റേഞ്ച് ഓഫിസർമാരെ കൂട്ടത്തോടെ പരിശീലത്തിന് അയച്ച നടപടി ശരിയായില്ലെന്ന് കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ജന്മം പട്ടയഭൂമികളിലെ ഈട്ടിയും തേക്കും മുറിക്കുന്നതിന് നിയമപരമായ തടസ്സമില്ല. എന്നിട്ടും മരങ്ങള്‍ മുറിച്ചുകടത്തുന്നതിന് വനം ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ല. ഈട്ടിയും തേക്കും മുറിച്ചു വില്ക്കാന് കര്‍ഷകര്‍ക്ക് കഴിയാത്തത് മരം വ്യാപാരികളെയും ബാധിക്കുകയാണ്. വനംവകുപ്പിന്റെ നീതി നിഷേധത്തിനെതിരെ സമരം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജയിംസ് ഇമ്മാനുവല്‍ അധ്യക്ഷതവഹിച്ചു.
കെ.സി.കെ. തങ്ങള്‍, കെ.പി. ബെന്നി, ജാബിര്‍ കരണി, വി.ജെ. ജോസ്, കെ.എ. ടോമി, എ.എം. മുഹമ്മദ് ഹനീഫ, പി. സൈഫുദ്ദീന് ഹാജി, കെ.എച്ച്. സലിം, പി. പ്രസാദ്, വി.പി. അസു ഹാജി, കെ. ബാവ, വി. ഉമ്മര്‍ ഹാജി, പി. ഷാഹുല്‍ഹമീദ്, ആര്. വിഷ്ണു, മുഹമ്മദ് റഫീഖ്, എം.ടി. ഫൈസല്‍, പി. അബ്ദുല്‍ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.