ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ക​ൽ​പ​റ്റ​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​നം

സ്വകാര്യ ബസ് പണിമുടക്കിൽ ജനം വലഞ്ഞു

കല്‍പറ്റ: കണ്‍സഷന്‍ കാര്‍ഡില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ വെള്ളിയാഴ്ച നടത്തിയ പണിമുടക്കിൽ ജനം വലഞ്ഞു. പൊലീസ് ഏകപക്ഷീയമായി പെരുമാറുകയായിരുന്നെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്വകാര്യബസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തതോടെ ഇന്നലെ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകൾ കൂടുതലായുള്ള റൂട്ടുകളിൽ വിദ്യാർഥികളടക്കം യാത്രക്കാർ ദുരിതത്തിലായി.

കെ.എസ്.ആർ.ടി.സി സർവിസുള്ള റൂട്ടുകളിൽ നേരിയ ആശ്വാസമുണ്ടായിരുന്നെങ്കിലും രാവിലെയും വൈകീട്ടും യാത്രക്കാരുടെ തിരക്കായിരുന്നു. പണിമുടക്കിയ തൊഴിലാളികൾ കൽപറ്റ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. കെ. സുഗതൻ, എം.എസ്. സുരേഷ് ബാബു, പി.പി. ആലി, കെ.ബി. വിനോദ്, എം. മണി, പി.കെ. അച്യുതൻ, സുരേന്ദ്രൻ, എം. നൗഷാദ്, ടി. ജംഷീർ, പി.ജെ. ജയിംസ് എന്നിവർ സംസാരിച്ചു.

സുൽത്താൻ ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് സര്‍വിസ് നടത്തുന്ന ബസിലെ കണ്ടക്ടറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. വ്യാഴാഴ്ച വൈകീട്ട് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജിലെ വിദ്യാര്‍ഥികള്‍ കല്‍പറ്റ-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സര്‍വിസ് നടത്തുന്ന സുവര്‍ണ ജയന്തി ബസില്‍ കയറിയിരുന്നു.

പാസില്ലാതെ യാത്ര ഇളവ് അനുവദിക്കാനാവില്ലെന്ന് കണ്ടക്ടര്‍ വിദ്യാര്‍ഥികളോട് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് പൊലീസെത്തി കണ്ടക്ടർ നിഥിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് തൊഴിലാളികളുടെ ആരോപണം. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ സമരം.

മാനന്തവാടി: മാനന്തവാടി താലൂക്കിൽ സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന മക്കിമല, കുറുവ ദ്വീപ്, പനവല്ലി തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥിരം യാത്രക്കാർ ഏറെ വലഞ്ഞു. വിദ്യാർഥികളും ജീവനക്കാരും അമിത ചാർജ് നൽകിയാണ് യാത്ര ചെയ്തതത്.

Tags:    
News Summary - Private bus strike has left people difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.