കൽപറ്റ: ജില്ലയിലെ വിവിധയിടങ്ങളിലെ മാലിന്യസംസ്കരണ കേന്ദ്രങ്ങളിൽ അപകടസാധ്യത. മാലിന്യം ശേഖരിക്കുന്നതിനുള്ള സുരക്ഷിതമായ എം.സി.എഫ് ഇല്ലാത്തതും കരാർ ഏറ്റെടുത്ത ഏജന്‍സികള്‍ സമയബന്ധിതമായി മാലിന്യം നീക്കം ചെയ്യാത്തതുമടക്കമുള്ള കാരണങ്ങളാണ് അപകട സാധ്യതയുണ്ടാക്കുന്നതായി കണ്ടെത്തിയത്. സുൽത്താൻ ബത്തേരി നെൻമേനിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി കഴിഞ്ഞ ദിവസം ഒരാൾ വെന്തുമരിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിവിധയിടങ്ങളിൽ അധികൃതർ പരിശോധന നടത്തി.
തീപിടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള സുരക്ഷ മുന്‍കരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധന. നൂല്‍പ്പുഴ, അമ്പലവയല്‍, മൂപ്പൈനാട്, മേപ്പാടി, പൊഴുതന, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, എടവക, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പള്ളി എന്നീ തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ എല്ലായിടത്തും അപകടസാധ്യത നിൽക്കുന്നതായാണ് സംഘത്തിന്റെ കണ്ടെത്തൽ. പല കേന്ദ്രങ്ങളിലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനടക്കം വാഹനങ്ങൾ എത്താനുള്ള സൗകര്യങ്ങളില്ല. അഗ്നിശമനോപകരണം, അപകട സാഹചര്യങ്ങളില്‍ മാലിന്യ സംഭരണ കേന്ദ്രങ്ങളിലേക്ക് വാഹനം എത്താന്‍ ആവശ്യമായ വഴി സൗകര്യം, സുരക്ഷിതമായ വയറിങ്, ആവശ്യമായ ജലലഭ്യത എന്നിവയാണ് അധികൃതർ പരിശോധിച്ചത്.
അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതത് പരിധിയിലെ മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ തീപിടിത്തം തടയുന്നതിനാവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും വീഴ്ച കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.