കൽപറ്റ: വയനാടിന്റെ ടൂറിസം ഭൂപടത്തിൽ അടുത്തിടെ ഇടം പിടിച്ച കുറുമ്പാലക്കോട്ടയിലേക്ക് പോകുന്ന വഴിയിൽ പുലർച്ച നാലരക്ക് തുറക്കുന്ന ഒരു ചായക്കടയുണ്ട്. പുലർച്ചെയെത്തുന്ന ടൂറിസ്റ്റുകൾക്കും ഓടാനും കളിക്കാനും പോകുന്നവർക്കും ജോലിക്കു പോകുന്ന ഇതര സംസ്ഥാനക്കാർക്കുമെല്ലാം മനം നിറച്ചൂട്ടുന്ന പുതുശ്ശേരിക്കടവ്- മുണ്ടക്കുറ്റി റോഡിലെ കുറുമ്പാലക്കോട്ട ജങ്ഷനിലെ ശശിയേട്ടന്റെ ചായക്കട.
എല്ലാവരും കൂർക്കം വലിച്ചുറങ്ങുമ്പോൾ ശശിയേട്ടന്റെ സമാവർ തിളക്കാൻ തുടങ്ങുമെന്നു മാത്രമല്ല ഈ കടയുടെ പ്രത്യേകത. ഇവിടെ പൂരിയോ പുട്ടോ പത്തലോ ഏതുമാകട്ടെ കടികൾക്കൊപ്പം കറി എത്ര വേണേലും തികച്ചും ഫ്രീ. ചായയായാലും കടിയായാലും 10 രൂപ മാത്രം, തീർന്നില്ല, പാക്കറ്റ് പാലിനോട് സലാം പറഞ്ഞ് സ്വന്തം പശുക്കളെ കറന്ന് കിട്ടുന്ന പാലാണ് പതിറ്റാണ്ടിലധികമായി കച്ചവടം നടത്തുന്ന ശശിയേട്ടൻ ചായക്ക് ഉപയോഗിക്കുന്നത്.
കൂടാതെ, പലഹാരങ്ങൾക്കാവശ്യമായ അരിയും പഴവും കപ്പയുമെല്ലാം സ്വന്തമായി കൃഷിയിറക്കിയാണ് ഉൽപാദിപ്പിക്കുന്നതും. ജൈവവളങ്ങൾ മാത്രം ഉപയോഗിക്കുന്ന കാർഷിക വിളകൾക്ക് ആവശ്യക്കാരും ഏറെയാണ്. വിഭങ്ങളുടെ ടേസ്റ്റിൽ സേവനത്തിന്റെ മധുരം കൂടി ചേർക്കുമ്പോൾ കിട്ടുന്ന സന്തോഷം ലാഭ നഷ്ടങ്ങളുടെ ത്രാസിൽ ഉയർന്നു നിൽക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നല്ലൊരു ക്ഷീര കർഷകൻ കൂടിയായ ശശിയേട്ടനോടൊപ്പം ഭാര്യ ഷീജ മാത്രമാണ് സഹായത്തിന്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് സൂര്യോദയം കാണാൻ ദിനേന കുറുമ്പാലക്കോട്ടയിലെത്തുന്നത്. തലേന്ന് കുന്നിൻ മുകളിൽ ടെന്റ് കെട്ടി താമസിച്ച് സൂര്യോദയം ദർശിക്കുന്നവരും പുലർച്ച കുറുമ്പാലക്കോട്ട കയറുന്നവരും നിരവധി. ഒരു ഗ്രാമത്തിൽ വയനാടൻ കുളിരിൽ രാവിലെ നാലര മണിക്ക് ചായക്കട തുറക്കണമെങ്കിൽ കച്ചവടത്തിൽ സേവനത്തിന്റെ പാത കൂടി കൂട്ടിച്ചേർക്കുന്നതു കൊണ്ട് മാത്രമാകും. അതുകൊണ്ടു തന്നെയാവും പുലർച്ച പോലും ഇവിടേക്ക് നിരവധി ആളുകളെത്തുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.