കൽപറ്റ: പ്രധാനമന്ത്രിയുടെ പി.എം.ജി.കെ.വൈ അരിയുടെ വിതരണം ഡിസംബർ 31ന് അവസാനിച്ചതോടെ കേരളത്തിലെ റേഷൻ വ്യാപാരികൾ വലിയ പ്രതിസന്ധിയിലാണെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ 14257 റേഷൻ വ്യാപാരികളിൽ ജനുവരിയിൽ 25,000 രൂപയിലധികം വരുമാനം ലഭിച്ചത് 2000 പേർക്ക് മാത്രമാണെന്ന് അവർ പറഞ്ഞു.
വേതന പാക്കേജ് പരിഷ്കരിച്ച് പ്രതിമാസം 30,000 രൂപ റേഷൻ വ്യാപാരികൾക്കും 10,000 രൂപ സെയിൽസ്മാനും വേതനം നൽകുവാൻ നടപടി സ്വീകരിക്കണം. മുറിയുടെ വാടകയും വൈദ്യുതി ചാർജും സർക്കാർ നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ നില തുടർന്നാൽ പകുതിയിലേറെ കടകൾ ഉപേക്ഷിക്കേണ്ട സാഹചര്യമാണ്.
റേഷൻ വ്യാപാരികളുടെ പ്രതിമാസ കമീഷൻ വിതരണം പൂർത്തിയാക്കി 10 ദിവസത്തിനകം നൽകാമെന്നാണ് ധാരണയെങ്കിലും ഇപ്പോൾ വിതരണം പൂർത്തിയാക്കി ചുരുങ്ങിയത് 30 ദിവസം കഴിഞ്ഞ് മാത്രമാണ് ലഭിക്കുന്നത്. ഫെബ്രുവരി മാസത്തെ കമീഷൻ വൈത്തിരി താലൂക്കിൽ ഇനിയും ലഭിച്ചിട്ടില്ല. ഈസ്റ്റർ, വിഷു, റമദാൻ തുടങ്ങിയ ഉത്സവങ്ങൾ നടക്കുന്ന സമയത്തുപോലും മാർച്ച് മാസത്തെ കമീഷൻ നൽകിയിട്ടില്ല.
വയനാട് ഉൾപ്പെടെ പല ജില്ലകളിലും പച്ചരി മാത്രമാണ് വിതരണം നടത്തുന്നത്. 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും നൽകുവാൻ ക്രമീകരണം ചെയ്യണം. മണ്ണെണ്ണ മഞ്ഞ, പിങ്ക് കാർഡുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി മൂന്നു മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയാണ് വിതരണം നടത്തുന്നത്.
പരിമിതമായ ഈ മണ്ണെണ്ണ എടുക്കുവാൻ വ്യാപാരികൾ കിലോമീറ്ററുകൾ പോകേണ്ട അവസ്ഥയാണ്. വലിയ സാമ്പത്തിക നഷ്ടം വ്യാപാരികൾക്ക് ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ മണ്ണെണ്ണ ഡോർ ഡെലിവറിയായി കടകളിൽ എത്തിക്കണം.
വാർത്തസമ്മേളനത്തിൽ എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ ജോണി നെല്ലൂർ, സംസ്ഥാന സെക്രട്ടറി ഷാജി യവനാർകുളം, ജില്ല പ്രസിഡന്റ് പി. കുഞ്ഞബ്ദുല്ല, വൈത്തിരി താലൂക്ക് ജനറൽ സെക്രട്ടറി കെ.വി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
കൽപറ്റ: കോവിഡ് കാലഘട്ടത്തിൽ മഞ്ഞ, പിങ്ക് കാർഡുകൾക്ക് വിതരണം നടത്തിയതിന്റെ ബാക്കിയുള്ള പി.എം.ജി. കെ.വൈ സ്കീമിലുള്ള അരി പല റേഷൻകടകളിലും 50 കിന്റലിന് മുകളിൽ കെട്ടിക്കിടന്നു നശിക്കുകയാണെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത് വകമാറ്റി വിതരണം നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
പൊതുവിതരണം നല്ല നിലയിൽ കൊണ്ടുപോകാൻ റീട്ടെയിൽ റേഷൻ വ്യാപാരികളെ വിശ്വാസത്തിലെടുത്ത് അവരുടെ വരുമാനം വർധിപ്പിക്കുവാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുവാൻ വകുപ്പു മന്ത്രിയും മുഖ്യമന്ത്രിയും തയാറാകണമെന്നും ഭാരവാഹികൾ പറഞ്ഞു.
സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം നടത്തിയതിന്റെ 10 മാസത്തെ കമീഷൻ കോടതി ഉത്തരവുണ്ടായിട്ടും നൽകുവാൻ സർക്കാർ തയാറാവുന്നില്ല. റേഷൻ വ്യാപാരികളോടുള്ള സർക്കാറിന്റെ അവഗണനയും ചിറ്റമ്മ നയവും ഉപേക്ഷിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.