കൽപറ്റ: മടക്കിമലയിൽ നിർമിക്കാനിരുന്ന ജിനചന്ദ്ര സ്മാരക വയനാട് സർക്കാർ മെഡിക്കൽ കോളജ് അട്ടിമറിച്ചത് ജില്ല ഭരണകൂടമാണെന്നും ഉദ്യോഗസ്ഥ ലോബിയാണ് ഇതിന് പിന്നിലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
വയനാട്ടിലെ എല്ലാവിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ മടക്കിമലയിലെ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ സൗജന്യ ഭൂമിയിൽ മെഡിക്കൽ കോളജ് തുടങ്ങണമെന്നാവശ്യപ്പെട്ടുള്ള സമര പരിപാടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്നാം ഘട്ടമായി ഒക്ടോബർ പത്തിന് രാവിലെ പത്തു മുതൽ കലക്ടറേറ്റിന് മുന്നിൽ റിലേ നിരാഹാര സത്യാഗ്രഹ സമരം ആരംഭിക്കും.
സത്യാഗ്രഹ സമരത്തിന്റെ സമാപനമായി 19 മുതൽ 20 വരെ രാപകൽ സമരവും നടത്തും. അഞ്ചു പേർ വീതമായിരിക്കും പത്തു ദിവസം സത്യാഗ്രഹ സമരം നടത്തുക. മെഡിക്കൽ കോളജ് വിഷയത്തിൽ വയനാട്ടിലെ ജനങ്ങളെ ഭിന്നിപ്പിക്കാനല്ല, മറിച്ച് എല്ലാവർക്കും പ്രാപ്യമായ സ്ഥലത്ത് വരുന്നതിനായാണ് പോരാട്ടമെന്നും സമരപരിപാടികൾ ശക്തമായിട്ടും ഇതുവരെ പ്രതിപക്ഷ പാർട്ടികൾ പോലും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പ്കുട്ടി ആരോപിച്ചു.
2018 ആഗസ്റ്റിലെ പ്രളയകാലത്തുപോലും മെഡിക്കൽ കോളജ് കെട്ടിടനിർമാണത്തിന് വേണ്ടി ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ കോട്ടത്തറ വില്ലേജിലെ മടക്കിമലക്ക് അടുത്തുള്ള 50 ഏക്കർ ഭൂമിയിൽ യാതൊരുവിധ പാരിസ്ഥിതിക പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രളയ ദിനങ്ങൾ കഴിഞ്ഞ് രണ്ടു മാസങ്ങൾക്ക് ശേഷം 2018 ഒക്ടോബർ 17ന് ജില്ല ഭരണകൂടം വിളിച്ചുചേർത്ത ദുരന്ത നിവാരണ സമിതി യോഗമാണ് അട്ടിമറിക്ക് കളമൊരുക്കിയത്.
2015ൽ മുഖ്യമന്ത്രി തറക്കല്ലിടുകയും 2016ൽ റോഡ് നിർമാണം ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയും 2017ലെ ബജറ്റിൽ കിഫ്ബി ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. 2018ൽ കരാറുകാരന് 3.20 കോടി നൽകുകയും ചെയ്തു. ഇതിനുശേഷം പ്രളയത്തെ മറയാക്കി ജില്ല ഭരണകൂടവും മലബാറിലെ സ്വകാര്യ മെഡിക്കൽ ലോബിയും ചേർന്ന് സർക്കാർ മെഡിക്കൽ കോളജ് അട്ടിമറിക്കുകയായിരുന്നുവെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
2018 ഒക്ടോബർ 30ന് ജില്ല ഭരണകൂടത്തിന് ലഭിച്ച ജിയോളജി സർവേ ഓഫ് ഇന്ത്യ പഠന റിപ്പോർട്ടിൽ നിലവിലെ സാഹചര്യത്തിൽ സ്ഥലം സ്ഥിരതയുള്ളതായി തോന്നുന്നുവെന്ന നിഗമനത്തെ വളച്ചൊടിച്ചും മൂടിവെച്ചും ജനങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ജില്ല ഭരണകൂടം ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
കൂടുതൽ പഠനം നടത്തണമെന്ന് മാത്രമാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഉത്തരേന്ത്യക്കാരായ രണ്ടു ജിയോളജിസ്റ്റുകൾ പരിശോധന നടത്തിയതിലും ഉദ്യോഗസ്ഥ ഗൂഡാലോചനയുണ്ടെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. പത്തിന് ആരംഭിക്കുന്ന റിലേ നിരാഹാര സത്യാഗ്രഹ സമരത്തിൽ വീട്ടമ്മമാർ, മുതിർന്ന പൗരന്മാർ, യുവാക്കൾ, വിദ്യാർഥികൾ, കർഷകർ, വ്യാപാരികൾ, ഭിന്നശേഷിക്കാർ, സാമൂഹ്യ സാംസ്കാരിക നായകർ, പൊതുപ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാവിഭാഗങ്ങളിലുമുള്ളവരുടെ പ്രതിനിധികൾ പങ്കെടുക്കും.
ഭരണ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ പരസ്യ നിലപാട് അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ, സമരം പഞ്ചായത്ത് വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും, ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ പരസ്യമായി ആക്ഷൻ കമ്മിറ്റി രംഗത്ത് വരികയും ചെയ്യും.
ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ വിജയൻ മടക്കിമല, വി.പി. അബ്ദുൽ ഷുക്കൂർ, അഡ്വ. ടി.യു. ബാബു, എം. ഇക്ബാൽ മുട്ടിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.