കൽപറ്റ: ജില്ലയിൽ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെയും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ വയനാട് മഡ് ഫെസ്റ്റ്-സീസണ് -2ന് തുടക്കമായി.
മണ്‍സൂണ്‍ മിനി മാരത്തണ്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ടീച്ചര്‍ പനമരം പാലത്തിന് സമീപത്ത് ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് കാറ്റഗറിയിലായി പനമരം മുതല്‍ വള്ളിയൂര്‍ക്കാവ് വരെ നടന്ന മത്സരത്തില്‍ 85ഓളം മത്സരാർഥികള്‍ പങ്കെടുത്തു. ജനറല്‍ കാറ്റഗറിയില്‍ എം.എസ്. അജ്മല്‍, സെബില്‍ ആകാശ്, പോള്‍ ബിജു, നന്ദ കിഷോര്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വെറ്ററന്‍സ് കാറ്റഗറിയില്‍ സാബു പോള്‍, തോമസ് പള്ളിത്താഴത്ത്, ബാലകൃഷ്ണന് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
വിജയികള്‍ക്ക് ഡി.ടി.പി.സി നിര്‍വാഹക സമിതി അംഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി കാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡി.ടിപി.സി സെക്രട്ടറി കെ.ജി. അജേഷ് അധ്യക്ഷതവഹിച്ചു. ഡി.ടി.പി.സി മാനേജര്‍മാരായ പി.പി. പ്രവീണ്‍, ബിജു ജോസഫ്, രതീഷ് ബാബു, കെ.വി. രാജു, ലൂക്ക ഫ്രാന്‍സിസ്, സി.കെ. വിനോദ് എന്നിവര്‍ പങ്കെടുത്തു.
ജില്ലതല മഡ് ഫെസ്റ്റ് ഔദ്യോഗിക ഉദ്ഘാടനം ഞായാറാഴ്ച രാവിലെ ഒമ്പതിന് മാനന്തവാടി വള്ളിയൂർക്കാവിന് സമീപം കണ്ണിവയലില്‍ കലക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിക്കും. എട്ടിന് ജില്ലതല വോളിബാള്‍ മത്സരവും നടക്കും. ജില്ലയിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍, ത്രിതല പഞ്ചായത്തുകള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മഡ് ഫെസ്റ്റ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.