കാലാവസ്ഥ വിശകലനം സമൂഹമാധ്യമങ്ങളിലൂടെ അറിയാം; ജില്ലയിൽ നാല് മഴമേഖലകൾ

കൽപറ്റ: ജില്ലയിലെ കാലാവസ്ഥാവിവരങ്ങൾ കർഷകരിലും പൊതുജനങ്ങളിലുമെത്തിക്കാനുള്ള ഹ്യൂം സെന്‍ററിന്‍റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുന്നു. ജനപങ്കാളിത്തത്തോടെ മൂന്നു വർഷമായി നടത്തുന്ന മഴപ്രവചനങ്ങൾ 80 ശതമാനത്തോളം കൃത്യമായിരുന്നുവെന്നത് പ്രധാന നേട്ടങ്ങളിൽ ഒന്നാണ്.

ഹ്യൂം സെന്‍റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി ജില്ല ദുരന്തനിവാരണ അതോറിറ്റിയുമായും കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുമായും (കുസാറ്റ്) സഹകരിച്ചാണ് ജനകീയ കാലാവസ്ഥ വിശകലന സംവിധാനം വികസിപ്പിച്ചത്. കുറഞ്ഞപ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രം നടപ്പാക്കിയിരുന്ന ഈ സംവിധാനം ജില്ലയിലുടനീളം വികസിച്ചുവരുന്നതിന്‍റെ ആഹ്ലാദത്തിലാണ് അണിയറപ്രവർത്തകർ.

ഹ്യൂം സെന്‍ററിന്‍റെ 'വയനാട് കാലാവസ്ഥ' എന്ന ഫേസ്ബുക്ക് പേജിൽ ഏറ്റവും പുതിയ കാലാവസ്ഥാവിവരങ്ങൾ ഏവർക്കും ലഭിക്കും. കലക്ടർ എ. ഗീതയാണ് ഈ പോർട്ടലിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

കാലാവസ്ഥ വിശകലനത്തിന്‍റെ നേട്ടം

• ഈ കാലാവസ്ഥ നിർണയ സംവിധാനം ജില്ല ഭരണകൂടത്തിനും ജനങ്ങൾക്കും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പ്രയോജനപ്പെടുന്നു.

• കാലാവസ്ഥ സംബന്ധിച്ച സൂക്ഷ്മവിവരങ്ങൾ മഴയുടെ ഘടന മാറുന്നതിനനുസരിച്ച് കർഷകരെയും മറ്റും മുൻകൂട്ടി അറിയിക്കുന്നതിനാൽ കൃഷിരീതികൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു.

വയനാടിന് നാലു മഴമേഖലകൾ

വയനാട്ടിലെ 120 ഗ്രിഡുകളിൽനിന്നായി ശേഖരിച്ച മഴവിവരങ്ങൾ സൂചിപ്പിക്കുന്നത് പടിഞ്ഞാറുനിന്നും കിഴക്കൻ പ്രദേശങ്ങളിലേക്കാണ് മഴയെന്നാണ്. ജില്ലയുടെ തെക്കുഭാഗത്തെ ചെമ്പ്രമലയിൽ ജൂൺ 2021 മുതൽ മേയ് 2022വരെ 4612 മില്ലിമീറ്റർ മഴ ലഭിച്ചു.

എന്നാൽ, കിഴക്ക് കല്ലൂരിൽ 1234 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇങ്ങനെ ലഭ്യമായ മഴയളവുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് വയനാടിനെ നാല് വ്യത്യസ്ത മഴമേഖലകളാക്കി തിരിച്ചിട്ടുണ്ട്. ഈ വർഷം വേനൽമഴ വളരെ നല്ലരീതിയിൽ വയനാട്ടിൽ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മടക്കിമലയിലാണ്. മാർച്ച് മുതൽ മേയ് വരെ 600 മില്ലിമീറ്റർ മഴ ലഭിച്ചു. ബത്തേരി പഴേരിയിൽ 134 മില്ലിമീറ്ററും ലഭിച്ചു. ശരാശരി 405 മില്ലിമീറ്റർ വേനൽമഴയാണ് ജില്ലയിൽ ലഭിച്ചത്.

കർഷകരുടെ അനുഭവസാക്ഷ്യം

കഴിഞ്ഞ ഒരുവർഷമായി ഞങ്ങൾ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് ഹ്യൂം സെന്‍റർ വഴി ലഭിക്കുന്ന കാലാവസ്ഥവിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് കർഷകർ പറയുന്നു. മാറുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ, ഉഴവ്, നഴ്സറി വളപ്രയോഗം, വിളവെടുപ്പ് തുടങ്ങിയവ ആസൂത്രണം ചെയ്യുന്നതിനും ആരംഭിക്കുന്നതിനുമെല്ലാം പ്രാദേശികതലത്തിൽ ലഭിക്കുന്ന ഈ വിവരങ്ങൾ പ്രയോജനകരമാണ്.

ഈ പ്രവചനം വഴി കർഷകരുടെ സാമ്പത്തികനഷ്ടവും ഒഴിവാക്കാൻ സാധിക്കുന്നു. ശക്തമായ മഴക്കാലത്ത് വളപ്രയോഗം നടത്തിയാൽ വളമൊക്കെ ഒലിച്ചുപോകുന്നതിന് കാരണമാകും. മഴവിവരങ്ങൾ മുൻകൂട്ടി അറിയുന്നതിനാൽ ഈ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കുന്നു -കർഷകർ പറയുന്നു.

വിശകലന സംവിധാനത്തിന്‍റെ തുടക്കം

2018ൽ വയനാടിനെ നടുക്കിയ പ്രളയവും ഉരുൾപൊട്ടലും മാപ്പ് ചെയ്തുകൊണ്ടാണ് ഈ സംവിധാനത്തിന് തുടക്കംകുറിച്ചത്. ഈ വിവരങ്ങൾ ഉപയോഗിച്ച് ഉരുൾപൊട്ടലിന്‍റെ തീവ്രതക്കനുസരിച്ച് ജില്ലയെ മൂന്ന് ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളായി തരംതിരിക്കുകയും ഭൂപടം നിർമിക്കുകയും ചെയ്തു.

തീവ്രമായ മഴയാണ് വലിയ ദുരന്തങ്ങൾ വിതച്ച മണ്ണിടിച്ചിലുകളുടെ കാരണം എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് മഴയുടെ തീവ്രത മനസ്സിലാക്കുന്നതിനായി കർഷകരേയും പ്ലാന്‍റർമാരെയും ഉൾപ്പെടുത്തി ജനകീയ കാലാവസ്ഥ വിശകലന സംവിധാനം ആവിഷ്കരിച്ചത്.

പ്രവർത്തനരീതി

വയനാടിനെ 25 ചതുരശ്ര കിലോമീറ്റർ വീതമുള്ള 108 ഗ്രിഡുകളായി തിരിച്ച് ഓരോന്നിലേയും മഴയുടെ അളവ് കണ്ടെത്തുന്ന രീതിയാണ് കാലാവസ്ഥ പഠനത്തിനായി അവലംബിച്ചിട്ടുള്ളത്. എല്ലാ ഗ്രിഡുകളിലും സ്ഥാപിച്ച മഴമാപിനിയിൽനിന്നുമുള്ള വിവരങ്ങൾ കർഷകർ എല്ലാ ദിവസവും രാവിലെ എട്ട് മണിക്ക് ശേഖരിക്കുകയും വാട്സ്ആപ് ഗ്രൂപ് വഴി സമാഹരിക്കുകയും ചെയ്യും.

തുടർന്ന് കുസാറ്റിൽനിന്ന് ലഭിക്കുന്ന കാലാവസ്ഥാ പ്രവചനത്തെ ഓരോ ഗ്രിഡിലും സ്ഥാപിച്ചിട്ടുള്ള മഴമാപിനിയിൽനിന്ന് ശേഖരിക്കുന്ന മഴയുടെ അളവുമായി താരതമ്യം ചെയ്ത് ദിനംപ്രതിയുള്ള കാലാവസ്ഥാവിവരങ്ങൾ സംപ്രേഷണം ചെയ്യും. ജില്ലതലത്തിൽ ശേഖരിക്കുന്ന കാലാവസ്ഥാ വിവരങ്ങൾ ജില്ല ദുരന്തനിവാരണ അതോറിറ്റിയും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.

Tags:    
News Summary - Weather analysis is known through social media; Four rain zones in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.