representative image

തടവറയൊരുക്കുമോ മണിയറകൾ? ആദിവാസി ജനത ആ​ശങ്കയിലാണ്​

കൽപറ്റ: പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമ്പോൾ വയനാട്ടിലെ ആദിവാസി ജനവിഭാഗം ആശങ്കയിൽ. ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ട ബിൽ നിയമമാവുന്നതോടെ ഏറ്റവും കൂടുതൽ വേട്ടയാട​പ്പെടാൻ പോവുന്നത്​ തങ്ങളാവുമെന്ന ഭീതിയിലാണ്​ സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ​ഗോത്രവർഗ വിഭാഗങ്ങളായ പണിയ, അടിയ, കാട്ടുനായ്ക്ക ഉൾപ്പെടെയുള്ളവർ. പരമ്പരാഗത ആചാരപ്രകാരം വിവാഹിതരായ വയനാട്ടിലെ ആദിവാസി വിഭാഗങ്ങളിൽപെട്ട നിരവധി ചെറുപ്പക്കാരെ പോക്സോ നിയമം ചാർത്തി​ ജയിലിലടച്ച സംഭവം ഇവർ ചൂണ്ടിക്കാട്ടുന്നു.

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തിയാൽ കൂടുതൽ ഗോത്ര വിഭാഗക്കാരെ വീണ്ടും ജയിലുകളിലേക്കയക്കാൻ വഴിയൊരുക്കുമെന്നാണ്​​ ആദിവാസി ജനതയുടെ ആശങ്ക. വയനാട്ടിലെ ആദിവാസികളിൽ, പ്രത്യേകിച്ച്​ പണിയ വിഭാഗത്തിൽ പ്രായപൂർത്തി ഇത്ര വയസ്സിൽ എന്ന്​ അടയാളപ്പെടുത്തിയിട്ടില്ല. പണിയ സമുദായത്തി​ന്‍റെ ആചാരമനുസരിച്ച്​ പെൺകുട്ടികൾക്ക്​ വയസ്സറിയിച്ചാൽ അവർക്ക്​ ഇഷ്ട​മുള്ള പുരുഷനോടൊപ്പം ജീവിക്കാം.

ഇങ്ങനെ വിവാഹിതരായി കോളനികളിൽ പെൺകുട്ടികൾക്കൊപ്പം ഒന്നിച്ച്​ ജീവിച്ച നിരവധി ചെറുപ്പക്കാരെയാണ്​ പൊലീസ്​ മൂന്നുവർഷം മുമ്പുവരെ പോക്​സോ കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ചിരുന്നത്​. 'മാധ്യമം' ഈ വാർത്ത പുറംലോകത്തെത്തിച്ചശേഷം​ അന്ന്​ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രംഗത്തുവരുകയും യുവാക്കളെ ജാമ്യത്തിലിറക്കുകയുമായിരുന്നു. 18 വയസ്സ്​​ തികയാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചാൽ ജലിലിലടക്കപ്പെടുമെന്നുള്ള മുന്നറിയിപ്പോ ബോധവത്​കരണമോ ബന്ധപ്പെട്ട വകുപ്പുകളും അധികൃതരും ഇപ്പോഴും നൽകാറില്ല. രാജ്യത്ത്​ പാസാക്കുന്ന പല നിയമങ്ങളും തങ്ങൾക്കുമേൽ കരിനിഴലായി തുടരുകയാണെന്ന്​ ഗോത്ര സംസ്​ഥാന ചെയർമാൻ ബിജു കാക്കത്തോട്​ പറഞ്ഞു.

നിയമത്തിന് തങ്ങൾ എതിരല്ല. നിയമം നടപ്പാക്കാൻ വേണ്ട ഉപകരണങ്ങളായി തങ്ങളെ കാണരുതെന്ന അപേക്ഷ മാത്രമാണുള്ളതെന്നും ബിജു 'മാധ്യമ'​ത്തോട്​ പറഞ്ഞു. ഈ വിഷയത്തിൽ കോടിക്കണക്കിന്​ രൂപ മുടക്കി സിനിമ പിടിച്ച്​ ബോധവത്​കരണം നടത്തുന്നതിനപ്പുറത്ത്​ യാഥാർഥ്യം​ തിരിച്ചറിയാൻ സമൂഹം തയാറാവണമെന്ന്​ 'കമ്മിറ്റി എഗയിൻ​സ്റ്റ്​ പോക്​സോ ഓൺ ട്രൈബൽ മാരേജ്'​ എന്ന കൂട്ടായ്മയുടെ കൺവീനറായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പി.ജി. ഹരി പറഞ്ഞു.

Tags:    
News Summary - Will the prisons prepare the mansions? The adivasi people are skeptical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.