തടവറയൊരുക്കുമോ മണിയറകൾ? ആദിവാസി ജനത ആശങ്കയിലാണ്
text_fieldsകൽപറ്റ: പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമ്പോൾ വയനാട്ടിലെ ആദിവാസി ജനവിഭാഗം ആശങ്കയിൽ. ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ട ബിൽ നിയമമാവുന്നതോടെ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടാൻ പോവുന്നത് തങ്ങളാവുമെന്ന ഭീതിയിലാണ് സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ഗോത്രവർഗ വിഭാഗങ്ങളായ പണിയ, അടിയ, കാട്ടുനായ്ക്ക ഉൾപ്പെടെയുള്ളവർ. പരമ്പരാഗത ആചാരപ്രകാരം വിവാഹിതരായ വയനാട്ടിലെ ആദിവാസി വിഭാഗങ്ങളിൽപെട്ട നിരവധി ചെറുപ്പക്കാരെ പോക്സോ നിയമം ചാർത്തി ജയിലിലടച്ച സംഭവം ഇവർ ചൂണ്ടിക്കാട്ടുന്നു.
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തിയാൽ കൂടുതൽ ഗോത്ര വിഭാഗക്കാരെ വീണ്ടും ജയിലുകളിലേക്കയക്കാൻ വഴിയൊരുക്കുമെന്നാണ് ആദിവാസി ജനതയുടെ ആശങ്ക. വയനാട്ടിലെ ആദിവാസികളിൽ, പ്രത്യേകിച്ച് പണിയ വിഭാഗത്തിൽ പ്രായപൂർത്തി ഇത്ര വയസ്സിൽ എന്ന് അടയാളപ്പെടുത്തിയിട്ടില്ല. പണിയ സമുദായത്തിന്റെ ആചാരമനുസരിച്ച് പെൺകുട്ടികൾക്ക് വയസ്സറിയിച്ചാൽ അവർക്ക് ഇഷ്ടമുള്ള പുരുഷനോടൊപ്പം ജീവിക്കാം.
ഇങ്ങനെ വിവാഹിതരായി കോളനികളിൽ പെൺകുട്ടികൾക്കൊപ്പം ഒന്നിച്ച് ജീവിച്ച നിരവധി ചെറുപ്പക്കാരെയാണ് പൊലീസ് മൂന്നുവർഷം മുമ്പുവരെ പോക്സോ കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ചിരുന്നത്. 'മാധ്യമം' ഈ വാർത്ത പുറംലോകത്തെത്തിച്ചശേഷം അന്ന് മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രംഗത്തുവരുകയും യുവാക്കളെ ജാമ്യത്തിലിറക്കുകയുമായിരുന്നു. 18 വയസ്സ് തികയാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചാൽ ജലിലിലടക്കപ്പെടുമെന്നുള്ള മുന്നറിയിപ്പോ ബോധവത്കരണമോ ബന്ധപ്പെട്ട വകുപ്പുകളും അധികൃതരും ഇപ്പോഴും നൽകാറില്ല. രാജ്യത്ത് പാസാക്കുന്ന പല നിയമങ്ങളും തങ്ങൾക്കുമേൽ കരിനിഴലായി തുടരുകയാണെന്ന് ഗോത്ര സംസ്ഥാന ചെയർമാൻ ബിജു കാക്കത്തോട് പറഞ്ഞു.
നിയമത്തിന് തങ്ങൾ എതിരല്ല. നിയമം നടപ്പാക്കാൻ വേണ്ട ഉപകരണങ്ങളായി തങ്ങളെ കാണരുതെന്ന അപേക്ഷ മാത്രമാണുള്ളതെന്നും ബിജു 'മാധ്യമ'ത്തോട് പറഞ്ഞു. ഈ വിഷയത്തിൽ കോടിക്കണക്കിന് രൂപ മുടക്കി സിനിമ പിടിച്ച് ബോധവത്കരണം നടത്തുന്നതിനപ്പുറത്ത് യാഥാർഥ്യം തിരിച്ചറിയാൻ സമൂഹം തയാറാവണമെന്ന് 'കമ്മിറ്റി എഗയിൻസ്റ്റ് പോക്സോ ഓൺ ട്രൈബൽ മാരേജ്' എന്ന കൂട്ടായ്മയുടെ കൺവീനറായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പി.ജി. ഹരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.