കേരള ആർ.ടി.സി എം.ഡി ബിജു പ്രഭാകർ കർണാടക ആർ.ടി.സി എം.ഡി ശിവയോഗി കലസദുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

കേരള-കർണാടക ആർ.ടി.സികൾ ചേർന്ന്​ ടൂർ പാക്കേജ് തുടങ്ങുന്നു

ബംഗളൂരു: കേരളത്തിലെയും കർണാടകയിലെയും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും സംയുക്തമായി അന്തർ സംസ്ഥാന ടൂർ പാക്കേജ് ആരംഭിക്കുന്ന കാര്യം പരിഗണനയിൽ. ഇതുസംബന്ധിച്ച്​ കേരള ആർ.ടി.സി എം.ഡി ബിജു പ്രഭാകർ കർണാടക ആർ.ടി.സി എം.ഡി ശിവയോഗി കലസദുമായി ചർച്ച നടത്തി. ബംഗളൂരുവിലെ കർണാടക ആർ.ടി.സിയുടെ സെൻട്രൽ ഒാഫിസിലായിരുന്നു ചർച്ച. രാത്രിയിൽ സുൽത്താൻ ബത്തേരി വഴി കൂടുതൽ ബസ് സർവിസുകൾ ആരംഭിക്കുന്ന കാര്യവും ഇരു ആര്‍.ടി.സി.കളും പുതിയ റൂട്ടുകളിൽ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ചും അന്തർസംസ്ഥാന കരാര്‍ സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി.

ഇക്കാര്യങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തെ വീണ്ടും ബംഗളൂരുവിലേക്ക് അയക്കുമെന്ന് ബിജു പ്രഭാകർ കർണാടക അധികൃതരെ അറിയിച്ചു. നിലവിൽ കേരള ആർ.ടി.സി മലക്കപാറയിലേക്കും കേരളത്തിലെ മറ്റിടങ്ങളിലേക്കും ടൂർ പാക്കേജായി ബസ് സർവിസുകൾ ആരംഭിച്ചതിന് വലിയ ജനസ്വീകാര്യത ലഭിച്ചിരുന്നു. കർണാടക ആർ.ടി.സിയും ജോഗ് വെള്ളച്ചാട്ടം, ഹംപി തുടങ്ങിയ കർണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് ടൂർ പാക്കേജ് വിജയകരമായി നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്തർ സംസ്ഥാന ടൂർ പാക്കേജ് സർവിസുകളുടെ സാധ്യത തേടിക്കൊണ്ട് ഇരു ആർ.ടി.സി അധികൃതരും ചർച്ച നടത്തിയത്.

കര്‍ണാടക ആര്‍.ടി.സിയുടെ ഡ്യൂട്ടി പാറ്റേണ്‍, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ ബിജു പ്രഭാകര്‍ മനസ്സിലാക്കി. അന്തർ സംസ്ഥാന കരാർ സംബന്ധിച്ച് കേരള ആർ.ടി.സി അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു. ഇരു ആര്‍.ടി.സി.കളുടെയും വിവിധ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.



Tags:    
News Summary - Kerala-Karnataka RTC launches tour package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.