ഗൂഡല്ലൂർ: പതിറ്റാണ്ടുകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഗൂഡല്ലൂരിലെ ഭൂപ്രശ്നപരിഹാരത്തിനു സംസ്ഥാന സർക്കാറും സുപ്രീംകോടതിയും കനിവ് കാണിക്കണമെന്ന് തമിഴ്നാട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.എസ്. അഴഗിരി അഭ്യർഥിച്ചു. ഗൂഡല്ലൂരിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയമസഭ കമ്മിറ്റിയുടെ വരവിന് മുന്നോടിയായി പാർട്ടി പ്രവർത്തകരുടെയും ഘടകകക്ഷികളുമായി കൂടിയാലോചന നടത്തുന്നതിനെത്തിയ അദ്ദേഹം പാർട്ടി കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
നാലു പതിറ്റാണ്ടായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഗൂഡല്ലൂരിലെ കൈവശഭൂമി പ്രശ്നവും ഇപ്പോൾ സ്വകാര്യ വന സംരക്ഷണ നിയമവും തീർക്കേണ്ടതുണ്ട്.ഒരു കുടുംബത്തിനു വീട് വെക്കാൻ മൂന്നു സെൻറ് പട്ടയ ഭൂമി എന്നത് ഒരു പോരായ്മയാണ്.ആറു സെൻറ് എങ്കിലും ഉെണ്ടങ്കിൽ മാത്രമേ ഒരു കുടുംബത്തിന് മതിയായ രീതിയിൽ വീടുവെച്ച് കഴിയാമെന്നിരിക്കെ അതിനുള്ള പട്ടയം നൽകണം. കോൺഗ്രസ് ഘടകകക്ഷി എന്ന നിലക്ക് ഇപ്പോഴത്തെ സംസ്ഥാന സർക്കാറിന്മേൽ സമ്മർദം ചെലുത്തി ഈ പ്രശ്നം പരിഹരിക്കണം എന്നാണ് നേതാക്കളും ആവശ്യപ്പെടുന്നത്.
അതിനാൽതന്നെ കോൺഗ്രസ് എം.എൽ.എമാരുടെ നിയമസഭ കമ്മിറ്റിയെ ഉടൻ ഗൂഡല്ലൂരിലേക്ക് അയക്കും. രണ്ടാഴ്ചക്കുള്ളിൽ തന്നെ ജനങ്ങളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിച്ച് സംസ്ഥാന സർക്കാറിെൻറയും സുപ്രീംകോടതിയുടെ ശ്രദ്ധയിലേക്കും എത്തിക്കുമെന്നും അധ്യക്ഷൻ വ്യക്തമാക്കി. സോണിയാഗാന്ധിയെ ചക്കളത്തി എന്ന പദപ്രയോഗം നടത്തി അപകീർത്തിപ്പെടുത്തിയ നാം തമിഴർ കക്ഷി നേതാവ് സീമാനേയും അദ്ദേഹം വിമർശിച്ചു.
1980 ൽ തന്നെ ഗൂഡല്ലൂരിലെ ഭൂപ്രശ്നം സജീവ വിഷയമായിരുന്നു.അന്നത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന എസ്. ബാലസുബ്രഹ്മണ്യൻ ചെന്നൈയിൽ നിരാഹാരമി രുന്നപ്പോൾ അന്നും കെ.എസ്. അഴഗിരി ഇടപെട്ടു സമാധാനിപ്പിക്കുകയും ചെയ്തതായി കോൺഗ്രസ് വാർത്തവിതരണ വിഭാഗം സെക്രട്ടറി ഗോവണ്ണൻ പറഞ്ഞു. കോൺഗ്രസ് നീലഗിരി ജില്ല പ്രസിഡൻറ് അഡ്വ.ആർ. ഗണേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ല നേതാക്കളായ കെ.പി. മുഹമ്മദ് ഹാജി,അഡ്വ.കോശി ബേബി, അനസ് എടാലത്ത്, നാഗരാജ്, കുഞ്ഞാപ്പി, എൻ.എ. അഷ്റഫ്, കെ. ഹംസ, അബ്ദു പ്പ, സൈദ് മുഹമ്മദ്, ഉണ്ണികമ്മു, ശിവ, ഇബ്നു ഗോപിനാഥൻ, സി.എ. സൈതലവി, ടി.കെ. നാരായണൻ,കെ.പി. അബ്രഹാം, ജോസുകുട്ടി, കെ.സി. അസൈനാർ,ലില്ലി ഏലിയാസ്, ഷംസുദ്ദീൻ, ചിന്നവർ, മുഹമ്മദ് റഫി എന്നിവർ പങ്കെടുത്തു. ഷാജി ചളിവയൽ സ്വാഗതം പറഞ്ഞു.
'മുഖ്യമന്ത്രിയെ കാണും'
ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ ഭൂപ്രശ്നം 40 വർഷമായി പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.എസ്. അഴഗിരി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 80,000 ഏക്കർ തരിശുഭൂമിയിൽ പലർക്കുമായി 28,000 ഏക്കർ വിഭജിച്ചതിൽ ശേഷിച്ചവ കർഷകരുടെ കൈവശമാണ്. ഇവർ കൃഷി ചെയ്ത് വീട് കെട്ടി താമസിച്ചു വരുകയാണ്. ഇവർക്ക് ഭൂമിയുടെ മേലുള്ള അവകാശം ഇതുവരെ പതിച്ചുനൽകിയിട്ടില്ല. പട്ടയത്തിനായി 40 വർഷമായി പോരാടിവരുകയാണ്. ഇതിെൻറ പ്രതിഫലനമായിട്ടാണ് ഇന്ന് കോൺഗ്രസ് നേതാക്കൾ ഗൂഡല്ലൂരിൽ എത്തിയിട്ടുള്ളത്. നീണ്ടകാല സമരമാണ്. പട്ടയം വേണമെന്ന ലളിതമായ ആവശ്യമാണ് അവർ ചോദിക്കുന്നത്. അതിനാൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണം. അതിനായി അദ്ദേഹത്തെ കാണും. കൂടാതെ വനം വകുപ്പ് മന്ത്രി കെ. രാമചന്ദ്രനെ സന്ദർശിച്ചിരുന്നു. അവരും ഇത് തീർക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പച്ചത്തേയിലക്ക് ചുരുങ്ങിയത് കിലോക്ക് 37 രൂപ എങ്കിലും ലഭിച്ചാലേ കർഷകന് മുതലാവുകയുള്ളൂ. കടുവയെ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഘടകകക്ഷികളുമായി ചർച്ച നടത്തി
ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ സെക്ഷൻ 17 തമിഴ്നാട് സ്വകാര്യ വനസംരക്ഷണ നിയമം,പട്ടയ നിരോധനം ഉൾപ്പെടെ ഭൂപ്രശ്നപരിഹാരത്തിന് ഘടകകക്ഷികളുമായി കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി ചർച്ച നടത്തി.
കെ. പി. മുഹമ്മദ് ഹാജി, അഡ്വ കോശിബേബി, ഷാജി ചളിവയൽ, എൻ. വാസു, സി.കെ. മണി (സി. പി.ഐ), എ. മുഹമ്മദ് ഗനി, എ.എം. ഗുണശേഖരൻ(സി.പി.ഐ),കെ. സഹദേവൻ, തുയിൽമേഘം(വി.സി.കെ),സി. എച്ച്.എം. ഹനീഫ്, വി.കെ. ഹനീഫ, ഷാജി മാസ്റ്റർ (മുസ്ലിം ലീഗ്) എന്നീ നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.