മാനന്തവാടി: സംസ്ഥാന സർക്കാറിന്റെ നൂതന പദ്ധതിയായ ഗ്രാമവണ്ടിക്ക് വേണ്ടി കെ.എസ്.ആർ.ടി.സി. ബസ് പിടിച്ചിട്ടിട്ട് രണ്ട് മാസം. മാനന്തവാടി ഡിപ്പോയിലെ ആർ.എ.സി 506 ബസാണ് കട്ടപ്പുറത്ത് വിശ്രമിക്കുന്നത്. കുളത്താട, ആനപ്പാറ ഗ്രാമീണ റൂട്ടുകളിൽ ഓടിയിരുന്ന ബസാണ് ഇത്തരത്തിൽ പിടിച്ചിട്ടിരിക്കുന്നത്. ബസ് സർവിസ് നിലച്ചതോടെ ഈ റൂട്ടുകളിൽ യാത്രാക്ലേശം രൂക്ഷമാണ്.
മാനന്തവാടിയിൽ നിന്ന് പള്ളിക്കൽ കാരക്കുനി വഴി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ അർബുദ കേന്ദ്രത്തിൽ എത്തുന്ന തരത്തിലാണ് ഗ്രാമ വണ്ടി തയാറാക്കിയിരിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ് ഗ്രാമവണ്ടി ഏറ്റെടുത്തിരിക്കുന്നത്. ഒരു ലക്ഷം രൂപ ഏറ്റെടുക്കുന്ന സ്ഥാപനം അഡ്വാൻസായി നൽകണം. ഒരു റൂട്ടിൽ 180 കി.മീറ്റർ ഒരു ദിവസം ഓടണമെന്നും അതിന്റെ ഡീസൽ ചെലവ് ഏറ്റെടുക്കുന്ന സ്ഥാപനം വഹിക്കണമെന്നുമാണ് വ്യവസ്ഥ.
മാനന്തവാടിയിലെ ഗ്രാമ വണ്ടിയുടെ ഉദ്ഘാടനം മൂന്ന് തവണ നിശ്ചയിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ ജനുവരി ആറിന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. രണ്ട് മാസം ഈ ബസ് സർവിസ് ഇല്ലാത്തതിനാൽ നാല് ലക്ഷത്തോളം രൂപയാണ് കോഓപറേഷന്‍ നഷ്ടമായിരിക്കുന്നത്. കുളത്താട, ആനപ്പാറ റൂട്ടുകളിൽ ബസ് സർവിസ് ഉടൻ പുനരാരംഭിക്കണമെന്നും ‘ഗ്രാമ വണ്ടി’ സർവിസ് തുടങ്ങണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.