മാനന്തവാടി: അപകടാവസ്ഥയിലുളള മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് ജില്ല ഭരണകൂടം കർശന നിർദേശം നൽകിയിട്ടും സബ് കലക്ടർ ഓഫിസ് വളപ്പിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരം മുറിച്ച് മാറ്റാൻ നടപടിയില്ല. ഇവ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ നിർദേശം നൽകുമ്പോഴും സബ് കലക്ടർ ഓഫിസ് വളപ്പിലെ കൂറ്റൻ വാകമരമാണ് അപകട ഭീഷണി ഉയർത്തുന്നത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡരികിലാണ് മരത്തിന്റെ ശിഖരങ്ങൾ ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്നത്. മാനന്തവാടി-മൈസൂർ റോഡരികിലാണ് വർഷങ്ങൾ പഴക്കമുള്ള മരം ഭീഷണിയായുള്ളത്. നിത്യേന നിരവധി വാഹനങ്ങൾക്ക് പുറമെ നൂറുകണക്കിന് കാൽനടയാത്രക്കാരും ഇതിലൂടെ കടന്നുപോവുന്നുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഓട്ടോറിക്ഷ സ്റ്റാൻഡും ഇവിടെയുണ്ട്.
വൈദ്യുതി ലൈനിനോട് ചേർന്നാണ് മരശിഖരങ്ങൾ ഉള്ളത്. കനത്ത കാറ്റിലും മഴയിലും ശിഖരങ്ങൾ പൊട്ടിവീഴുന്നത് വലിയ ദുരന്തത്തിന് ഇടയാക്കും. നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു. കൊട്ടിഘോഷിച്ച് ജില്ലയിൽ നടത്തിയ കരുതലും കൈതാങ്ങും പദ്ധതിയിലും പരാതി നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.
മരം വീണ് ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉത്തരവാദിത്തം അതത് വകുപ്പുകൾക്കായിരിക്കുമെന്നും കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മരം മുറിച്ചുമാറ്റുന്നതിനുള്ള നടപടിക്രമങ്ങളിലെ സാങ്കേതികത്വമാണ് കാല താമസത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
കൽപറ്റ: മീനങ്ങാടി മലക്കാട്ട് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വീട്ടിമരം മുറിക്കണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പാക്കാൻ മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികൾ നാലാഴ്ചക്കകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
വീട്ടി മരം മുറിക്കണമെന്ന കലക്ടറുടെ ഉത്തരവ് തീരുമാനമെടുക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതിയിൽ സമർപ്പിച്ചിരിക്കുകയാണെന്ന സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ നിർദേശം.
വീട്ടി മരം മുറിച്ചുമാറ്റിയില്ലെങ്കിൽ തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന് പുറത്ത് പതിച്ച് അപകടം സംഭവിക്കുമെന്ന് കാണിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മീനങ്ങാടി കോട്ടക്കുന്ന് ജങ്ഷനിലെ സ്വകാര്യ പറമ്പിൽ നിൽക്കുന്ന വീട്ടി മരമാണ് അപകടത്തിലായതെന്ന് പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. വീട്ടി മരത്തിന്റെ ഉടമസ്ഥൻ റവന്യൂ അധികാരിയാണ്.
മരം മുറിച്ചുമാറ്റേണ്ടതിന്റെ ഉത്തരവാദിത്തവും ചെലവും വഹിക്കേണ്ടതും വൃക്ഷത്തിന്റെ ഉടമസ്ഥനാണ്. മരം മുറിച്ചുമാറ്റാൻ ഉടമസ്ഥനായ പുറക്കാടി വില്ലേജ് ഓഫിസർക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ വൃക്ഷം മുറിക്കാൻ കലക്ടർ നിർദേശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മീനങ്ങാടി പുൽപറമ്പിൽ വീട്ടിൽ ജെറിൽ അബ്രഹാം സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.