മാനന്തവാടി: ലഹരി വില്പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടര്‍ന്ന് വയനാട് പൊലീസ്. മാനന്തവാടിയില്‍ 51.64 ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായ സംഭവത്തിലാണ് സ്വത്ത് കണ്ടുകെട്ടല്‍ നടപടി പുരോഗമിക്കുന്നത്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ് ജങ്ഷനില്‍ മലപ്പുറം സ്വദേശികളായ മഞ്ചേരി മേലങ്ങാടി കുറ്റിയം പൊക്കില്‍ വീട്ടില്‍ കെ.പി. മുഹമ്മദ് ജിഹാദ് (28), തിരൂര്‍ പൊന്മുണ്ടം നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍സലാം (29) എന്നീ യുവാക്കളെയാണ് ജനുവരി രണ്ടിന് രാവിലെ മാനന്തവാടി പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് എം.ഡി.എം.എ നല്കിയ മലപ്പുറം അരിമ്പ്ര തൊടെങ്കല് വീട്ടില്‍ ടി. ഫാസിലിനെ (28) ഏപ്രില്‍ 19ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇയാളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവകളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി.
മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലാത്ത ഇയാളുടെ സഹോദരൻ ബൈക്ക് വാങ്ങിയത് ഫാസിലിന്റെ ലഹരി വില്പനയിലെ വരുമാനം കൊണ്ടാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഫാസിലും സഹോദരനും തമ്മിലുള്ള പണമിടപാട് വ്യക്തമാവുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതേതുടർന്നാണ് സഹോദരന്റെ പേരിലുള്ള ബൈക്ക് കണ്ടുകെട്ടാനുള്ള ഫ്രീസിങ്ങ് ഓര്‍ഡര്‍ മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജു ഇറക്കിയത്. ഇതുസംബന്ധിച്ച് ഉത്തരവിറക്കുന്നതിനുള്ള റിപ്പോര്‍ട്ട് ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് (സഫേമ) അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മേപ്പാടി പൊലീസും തിരുനെല്ലി പൊലീസും മീനങ്ങാടി പൊലീസും എം.ഡി.എം.എ കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. 2023ല്‍ തിരുനെല്ലി പൊലീസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസിലും ഫാസില്‍ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.