മാനന്തവാടി: റോഡ് നിർമാണത്തിലെ അപാകത കാരണം വേനൽമഴയിൽ രണ്ടു താൽക്കാലിക പാലങ്ങൾ തകരുകയും ലക്ഷങ്ങളുടെ കൃഷിനശിക്കുകയും ചെയ്തു. ഒഴക്കോടി വിമലനഗർ കഴുക്കോട്ടുർ യവനാർകുളം-വാളാട് ആലാർ പേരിയ റോഡ് ആണ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നൂറു കോടി രൂപയിലധികം ചെലവഴിച്ച് കെ.എസ്.ടി.പി മേൽനേട്ടത്തിൽ നിർമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ റോഡ് നിർമാണത്തിലെ അപാകത മൂലം താൽക്കാലികമായി നിർമിച്ച മുതിരേരി, കുളത്താട ചാത്തൻകീഴ് പാലങ്ങൾ തകരുകയും നിരവധി പേരുടെ കൃഷിവെള്ളത്തിലാവുകയും ചെയ്തു. നിരവധി വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും മണ്ണും കല്ലും ഒഴുകിയിറങ്ങി. റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തതും ഓവുചാൽ ഇല്ലാത്തതുമാണ് കാരണം. നിലവിൽ പുതിയ പാലങ്ങൾ നിർമിക്കുന്നതിനുവേണ്ടിയാണ് താൽക്കാലിക പാലങ്ങൾ നിർമിച്ചത്. വെള്ളം പുഴയിലേക്ക് ഒഴുകുന്നതിന് ആവശ്യമായ പൈപ്പുകൾ സ്ഥാപിക്കാതെയാണ് ചപ്പാത്ത് പാലങ്ങൾ നിർമിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഒഴുകിയെത്തിയ വെള്ളം കെട്ടിനിന്നതുകൊണ്ട് കുളത്താട, ചാത്തൻകിഴ് ഭാഗത്തെ നിരവധി കർഷകരുടെ നേന്ത്രവാഴ, കപ്പ, പയർ ഉൾപ്പെടെയുള്ള പച്ചക്കറികളും വെള്ളത്തിലായി.
കൃഷിയിടത്തിൽ വെള്ളം കയറിയ വിവരം വ്യാഴാഴ്ച റോഡ് നിർമിക്കുന്ന ഊരാളുങ്കൽ കരാർ കമ്പനിയെ നാട്ടുകാർ നിരവധി തവണ വിവരം അറിയിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞിട്ടും ആരും എത്തിയില്ല. പ്രദേശവാസികൾ കൃഷിയിടത്തിലെ വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതിന് ശ്രമം നടത്തുന്നതിനിടയിൽ ചാത്തൻ കിഴിലെ ചപ്പാത്ത് പാലം മലവെള്ളപാച്ചിലിനെ വെല്ലുന്ന രീതിയിൽ തകർന്ന് പുഴയിലേക്ക് ഒഴുകുകയായിരുന്നു. ഇവിടെ വൻ ദുരന്തമാണ് ഒഴിവായത്. രണ്ടു പാലങ്ങൾ തകർന്നതോടെ യവനാർകുളം കുളത്താട അറോല പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഇതുവഴി ഗതാഗതം നിലച്ചു. ജനങ്ങൾ ദുരിതത്തിലായി.
ആശുപത്രി, റേഷൻകട, പാൽ അളവ് ഉൾപ്പെടെ മുടങ്ങി. മാനന്തവാടിയിൽ നിന്ന് കുളത്താട വഴി പുതുശ്ശേരിയിലേക്ക് സർവിസ് നടത്തുന്ന ഏക കെ.എസ്.ആർ.ടി.സി ബസും മുതിരേരി പാലം തകർന്നതോടെ നിലച്ചു.റോഡിെൻറ ഇരുവശത്തും തമാസിക്കുന്നവരുടെ കൃഷിയിടത്തിലും വീടുകളും പരിസരവും മണ്ണും കല്ലും നിറഞ്ഞു കിടക്കുകയാണ്.
കാലവർഷം അടുത്തെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലുമാണ്. പാലങ്ങളുടെ പണിപൂർത്തിയായിെല്ലങ്കിൽ കർഷകരുടെ ഉൽപന്നങ്ങൾ മാർക്കറ്റിൽ എത്തിക്കാനും വിദ്യാർഥികൾക്ക് ഉൾപ്പെടെ യാത്രചെയ്യാനും കഴിയാത്ത സ്ഥിതിയാണ്. വിഷയത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.