മാനന്തവാടി: റോഡ് പ്രവൃത്തിക്കിടെ ഗതാഗതം നിയന്ത്രിച്ച തൊഴിലാളിക്കുനേരെ കാർ ഓടിച്ചുകയറ്റി. ബോണറ്റിൽ കുടുങ്ങിയ യുവാവുമായി കാർ പാഞ്ഞു. 70 മീറ്ററോളം സഞ്ചരിച്ച കാറിൽനിന്ന് നിലത്തുവീണ വാളേരി സ്വദേശി രജീഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ച കല്ലാച്ചി എടിയേരിക്കണ്ടി മുഹമ്മദ് അഷ്ക്കറിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 23നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് രജീഷ് പൊലീസിൽ പരാതി നൽകിയത്. ടാറിങ് പ്രവൃത്തി നടക്കുന്നതുമൂലം ഗതാഗതം നിയന്ത്രിച്ച മൂളിത്തോട് അയിലമൂല റോഡിലാണ് സംഭവം. റോഡിൽ വാഹനങ്ങൾ തടയാൻ ബാരിക്കേഡ് സ്ഥാപിക്കുകയും റിബൺ വലിച്ചുകെട്ടുകയും ചെയ്തിരുന്നു.
എന്നാൽ, അതുവഴി കടന്നുവന്ന അഷ്കറിനെ തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടഞ്ഞു. ഇരു വിഭാഗവും തമ്മിൽ വാക്തർക്കമായി. തുടർന്ന് അഷ്കർ പെട്ടെന്നുതന്നെ കാർ മുന്നോട്ടേക്കെടുത്ത് ഓടിച്ചുപോയി. കാറിനു മുന്നിലായുണ്ടായിരുന്ന തൊഴിലാളിയായ രജീഷിനെ ഇടിച്ചാണ് കാർ പോയത്. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടേക്ക് അടിതെറ്റിയ രജീഷ് കാറിെൻറ ബോണറ്റിൽ തൂങ്ങിക്കിടന്നു.
കാർ 70 മീറ്ററോളം മുന്നോട്ടുപോയി. തുടർന്ന് കാറിൽനിന്ന് രജീഷ് താഴെ വീണു. അഷ്കർ തേറ്റമല ഭാഗത്തുള്ള ബന്ധുവീട്ടിലേക്ക് കാറോടിച്ചു പോയി. കാറിനെ പിന്തുടർന്നെത്തിയ നാട്ടുകാരിൽ ചിലർ രോഷാകുലരായി കാർ അടിച്ചുതകർത്തു. ഇതിനെതിരെ കാറുടമ തൊണ്ടർനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് സി.സി.ടി.വി ദൃശ്യം പരിശോധിച്ച പൊലീസ് അഷ്കറിനെതിരെ വധശ്രമത്തിന് കേസെടുത്തു. മാനന്തവാടി സി.ഐ എം.എം. അബ്ദുൽ കരീം, എസ്.ഐ ബിജു ആൻറണി, എ.എസ്.ഐ എം. നൗഷാദ്, എസ്.സി.പി.ഒ എം.വി. ബാബു, സി.പി.ഒ ജിൻസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.