മാനന്തവാടി: ആഡംബര കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുകളുമായി കർണാടക സ്വദേശി എക്സൈസ് പിടിയിൽ. ബംഗളൂരു ബി.എസ് നഗർ ഗൃഹലക്ഷ്മി ബെനകറെ സിഡൻസിയിൽ രാഹുൽ റായ് ആണ് (38)പിടിയിലായത്.
കാട്ടിക്കുളം രണ്ടാം ഗേറ്റിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 276 ഗ്രാം മാജിക് മഷ്റൂം (സിലോസൈബിൻ), 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവയാണ് പിടികൂടിയത്.
കെ.എ. 02 എം.എം 3309 എന്ന നമ്പർ വാഹനവും കസ്റ്റഡിയിലെടുത്തു. രാഹുൽ റായ് സ്വന്തമായി മാജിക് മഷ് റൂം നിർമിച്ചു രാജ്യത്തിന്റെ പലഭാഗത്തേക്കും വിദേശത്തേക്കും കയറ്റിയക്കുക എന്ന ലക്ഷ്യത്തോടെ വയനാട് വഴി മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിൽ തന്നെ ഇത്രയും അധികം മാജിക് മഷ്റൂം കണ്ടെടുക്കന്നത് ആദ്യമായാണ്. ലോക മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇത്. സ്വന്തമായി മാജിക് മഷ്റൂം ഫാം ബംഗളൂരുവിൽ നടത്തി വരിക യാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായത്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു. പിടികൂടിയ സംഘത്തിൽ പ്രിവന്റിവ് ഓഫിസർ പി.ആർ. ജിനോഷ്, സി.ഇ.ഒമാരായ വിപിൻ കുമാർ, ടി.ജെ. പ്രിൻസ്, ഷിംജിത് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.