കൽപറ്റ: കോവിഡ് പ്രതിസന്ധിക്കിടെ എട്ടുമാസത്തെ പെൻഷൻ കുടിശ്ശികയായത് ജില്ലയിലെ അരിവാൾ രോഗികളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നു. ജനറൽ വിഭാഗത്തിലെ 183 പേരുടെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. മാസം 2,000 രൂപയാണ് പെൻഷനായി ലഭിച്ചിരുന്നത്.
സർക്കാറിെൻറ ധനസഹായത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ജില്ലയിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 1,100 അരിവാൾ രോഗികളാണുള്ളത്. ഇതിൽ ആദിവാസി വിഭാഗത്തിൽപെട്ട രോഗികൾക്ക് 2,500 രൂപയാണ് പെൻഷൻ. ട്രൈബൽ വകുപ്പിെൻറ ഫണ്ട് ഉപയോഗിച്ചാണ് ആദിവാസികൾക്ക് നൽകുന്നത്. ഇത് മുടക്കമില്ലാതെ ലഭിക്കുന്നുമുണ്ട്. എന്നാൽ, സാമൂഹിക സുരക്ഷ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് ജനറൽ വിഭാഗത്തിലുള്ളവർക്ക് പെൻഷൻ നൽകുന്നത്. രോഗബാധിതരിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്.
ക്രാഫ്റ്റ് വർക്കുകളും തയ്യൽ ജോലികളും ചെയ്താണ് വരുമാനം കണ്ടെത്തിയിരുന്നത്. കൂടാതെ, പിന്നാക്ക വികസന വകുപ്പ് അനുവദിച്ച ഗ്രാൻറ് ഉപയോഗിച്ച് സ്വയം തൊഴിൽ തുടങ്ങിയ അരിവാൾ രോഗികളുമുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇവരുടെയെല്ലാം വരുമാനം നിലച്ചു.
പെൻഷനും മുടങ്ങിയതോടെ മരുന്നു വാങ്ങാൻ പോലും പണമില്ലാതെ പ്രയാസപ്പെടുകയാണ് രോഗികൾ. മാനന്തവാടി ജില്ല ആശുപത്രി കോവിഡ് പ്രത്യേക ചികിത്സ കേന്ദ്രമാക്കിയതോടെ ചികിത്സക്കും ബുദ്ധിമുട്ട് നേരിടുകയാണ്.
രോഗം മൂർച്ഛിച്ചാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇത് വലിയ സാമ്പത്തികബാധ്യത വരുത്തുകയാണ്.
രോഗികൾക്ക് പ്രതിരോധശേഷി കുറഞ്ഞതിനാൽ മറ്റു രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.
പെൻഷൻ കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കണം എന്നാവശ്യപ്പെട്ട് സിക്കിൾസെൽ അനീമിയ പേഷ്യൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.