മാനന്തവാടി: നഗരസഭയുടെ 13, 14 ഡിവിഷനുകളിൽ ഉൾപ്പെട്ട മുട്ടങ്കര, ചാലിഗദ്ധ, പാൽവെളിച്ചം പ്രദേശത്ത് കാട്ടാനക്കൂട്ടം നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. വ്യാപക കൃഷിനാശവും വരുത്തുന്നുണ്ട്. കുറുവ വനത്തിൽനിന്നാണ് കാട്ടാനക്കൂട്ടം പുഴകടന്ന് ജനവാസകേന്ദ്രങ്ങളിൽ എത്തുന്നത്.
ചൊവ്വാഴ്ച രാവിലെ എട്ടിലധികം വരുന്ന ആനക്കൂട്ടമാണ് പുഴയോരത്ത് തമ്പടിച്ചത്. നാട്ടുകാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പുഴ കടക്കാതെ തീരത്തുതന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇത്തരം ആനകൾ രാത്രികാലങ്ങളിലാണ് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.
ഇതുമൂലം ജനം രാത്രി പുറത്തിറങ്ങാൻ ഭയക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് പയ്യമ്പള്ളി പള്ളിയറക്കൊല്ലിയിൽ ഒറ്റയാൻ എത്തിയത് നാട്ടുകാരിൽ ഭീതിപടർത്തിയിരുന്നു. പ്രദേശത്ത് റെയിൽ ഫെൻസിങ് നിർമാണപ്രവൃത്തികൾ പാതിവഴിയിലാണ്. ഇത് പൂർത്തിയായാലേ ജനങ്ങളുടെ ദുരിതത്തിന് അറുതിയാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.