മാനന്തവാടി: സര്‍വിസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന് ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് മനഃപൂര്‍വം വൈകിപ്പിച്ച് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ഗ്രാറ്റുവിറ്റി വൈകിയ കാലയളവിലെ തുകയുടെ ഒമ്പതു ശതമാനം പലിശ ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കി നല്‍കാനും സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എസ്. പ്രീത ഉത്തരവിട്ടു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് എസ്. രാജേഷുള്പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഉത്തരവ്. നാഷനല്‍ സേവിങ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) ആയി സര്‍വിസില്‍ നിന്നും വിരമിച്ച എ.എ. മുരുകാനന്ദൻ നല്കിയ പരാതിയിലാണ് നടപടി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പെരുമാറ്റം കാരണം ഗ്രാറ്റുവിറ്റി ലഭിക്കാൻ കാലതാമസം നേരിട്ടുവെന്നും പ്രസ്തുത കാലയളവിലെ പലിശ ലഭിക്കണമെന്നുമാവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത പരാതിയിലുള്ള വിധിപ്രകാരം നടത്തിയ തെളിവെടുപ്പിന് ശേഷമാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവായത്.
2015-16 കാലഘട്ടത്തില്‍ നാലു മാസം മാനന്തവാടിയില്‍ ബി.ഡി.ഒ ചുമതല വഹിച്ചിരുന്ന പരാതിക്കാരന് 2017ല്‍ ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും പിന്നീട് പുറത്തുവന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബാധ്യതയുള്ളതായി കണ്ടെത്തുകയും വിവരം നാഷനല്‍ സര്‍വിസ് ഡയറക്ടറെ അറയിക്കുകയുമായിരുന്നു.
എന്നാല്‍, ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഫയലുകള്‍ കൃത്യമായി നല്‍കാത്തതിനാലാണ് ബാധ്യതയുണ്ടായതെന്നും പരാതിക്കാരന് നേരിട്ട് ഓഫിസിലെത്തി രേഖകള്‍ നല്‍കിയതോടെ ബാധ്യത ഒഴിവാക്കുകയും ചെയ്തുവെന്നും പരാതിക്കാരന് മൊഴിനല്‍കി. 2015-16 കാലയളവിലെ ഓഡിറ്റിങ് സഹായികളായി ചുമതലപ്പെടുത്തിയ എസ്. രാജേഷ്, കെ.സി. പ്രേംകുമാര്‍, കെ.സി. സിനോദ് എന്നിവര്‍ ഓഡിറ്റ് ഫയലുകള്‍ കൃത്യമായി നല്കുന്നതില് വീഴ്ചവരുത്തിയതായി ബി.ഡി.ഒ നല്കിയ റിപ്പോര്‍ട്ടിലും പറയുന്നു.
ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റിനായി നല്കിയ അപേക്ഷ സെക്ഷന്‍ ചുമതലയുള്ള എസ്. രാജേഷ് രജിസ്റ്ററില്‍ പോലും ചേര്‍ക്കാതെ മാറ്റിവെച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. നാഷനല്‍ സേവിങ്സ് ഓഫിസില്നിന്നുമയച്ച ഓര്മക്കുറിപ്പും പരിഗണിച്ചില്ല.
തടസ്സമൊഴുവാക്കുന്നതിന് പകരം പരാതിക്കാരന് നടത്തിയ ചെലവ് മരവിപ്പിച്ച ഓഡിറ്റ് നടപടി ബാധ്യതയായി ഡയറക്ടറെ അറിയിക്കുകയും പരാതിക്കാരനെ അറിയിക്കാതിരിക്കുകയും ചെയ്തത് ഗരുതര വീഴ്ചയായാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ഇതിന്റെയടിസ്ഥാനത്തില്‍ ഓഡിറ്റ് പരാമര്‍ശം നീക്കുന്നതിന് രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് നല്കുന്നതില് കാലതാമസം വരുത്തിയ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാനാണ് ഉത്തരവിറങ്ങിയത്.
ഗ്രാറ്റുവിറ്റി തുകക്ക് 2017 ഡിസംബര്‍ ഒന്നു മുതല്‍ 2019 ഡിസംബര്‍ എട്ടുവരെ ഒമ്പതു ശതമാനം പലിശ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കി നല്‍കാനും അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.