മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ചേലൂർ പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി ഒറ്റയാെൻറ വിളയാട്ടം. ശല്യക്കാരനായ ആനയെ തുരത്താൻ നടപടിയെടുക്കുമെന്ന് കർമസമിതിക്ക് വനം വകുപ്പ് അധികൃതർ ഉറപ്പു നൽകി. ഒന്നരമാസമായി രാപകൽ വ്യത്യാസമില്ലാതെ ജനവാസ മേഖലയിൽ സ്ഥിരമായി നാശം വിതക്കുന്നുണ്ട്. പടക്കം പൊട്ടിച്ചാലും ടോർച്ചടിച്ചാലും ആക്രമിക്കാൻ വരുന്ന സ്വഭാവമാണ് ഈ ഒറ്റയാന്.
വീടിനകത്ത് വെളിച്ചം കണ്ടാൽ ചിന്നംവിളിച്ച് വീടിന് നേരെ പാഞ്ഞടുക്കും. ലൈറ്റ് അണച്ച് ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നത്. പകൽ റോഡിലൂടെ സഞ്ചരിച്ച് കാൽനടക്കാരെയും വാഹനങ്ങളെയും ആക്രമിക്കും. കൂനം കണ്ടിയിൽ പുഷ്പെൻറ വീടാക്രമിക്കാനെത്തിയത് രാവിലെ എട്ടു മണിക്കാണ്. ചേലൂർ ജോമോനെ ബൈക്കിൽ വരുമ്പോൾ ആക്രമിച്ചത് രാവിലെ ഏഴരക്കാണ്. പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ കുട്ടികൾ നടന്നുവരുന്ന വഴിയിലാണ് ആനയുടെ നിൽപ്പ്.
കാട്ടിക്കുളം ടൗണിനടുത്തു കൂടിയാണ് ഹൈവേ മുറിച്ച് ജനവാസ മേഖലയിൽ ഒറ്റയാൻ എത്തുന്നത്. ശല്യക്കാരനായ ആനയെ മയക്കു വെടിവെച്ച് പിടികൂടണമെന്ന ആവശ്യവുമായി 600ഓളം ആളുകളുടെ ഒപ്പ് ശേഖരിച്ചാണ് നിവേദകസംഘം വൈൽഡ് ലൈഫ് വാർഡനെ കണ്ടത്. ആനയെ നിരീക്ഷിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാമെന്നും വാർഡൻ ഉറപ്പു നൽകിയതായി കർമ സമിതി അറിയിച്ചു. തിരുനെല്ലി പഞ്ചായത്തിലേക്ക് സ്ഥിരം ആർ.ആർ.ടി ടീമിനെ നൽകണമെന്നും ബേഗൂരിൽ കുങ്കി ആനകളെയും ആനപ്പന്തിയും വേണം എന്നാവശ്യവും സംഘം ഉന്നയിച്ചു.
വന്യജീവിസങ്കേതത്തിന് വെളിയിൽ കൃഷി നശിപ്പിക്കപ്പെട്ടാൽ റിസർവ് വിഭാഗം പരിശോധിച്ച് നഷ്ടപരിഹാരം നൽകണമെന്ന തീരുമാനം തിരുത്തി മുൻകാലത്തെ പോലെ വന്യജീവി സങ്കേതം നടപടി സ്വീകരിക്കാനും തീരുമാനിച്ചു. റോഡ് സൈഡ് കാട് വീശൽ, വനത്തിനകത്തെ പുഴകൾക്കും തോടുകൾക്കും ചെക്ക്ഡാം നിർമാണം, വനത്തിനകത്തെ അധിനിവേശ സസ്യങ്ങൾ പറിച്ചു മാറ്റൽ, ഫെൻസിങ് തുടങ്ങിയവക്ക് ശിപാർശ കൊടുക്കാമെന്നും ഇ.ഡി.സി മുഖേനെ ചെയ്യാവുന്ന കാര്യങ്ങൾ ഉടൻ നടത്താമെന്നും വാർഡൻ ഉറപ്പു നൽകി.
തിരുനെല്ലിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ മാസവും അവസാന ആഴ്ചയിൽ വാർഡെൻറ നേതൃത്വത്തിൽ പഞ്ചായത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ പരിശോധിച്ച് നടപടി വേഗത്തിലാക്കാമെന്നും ഉറപ്പു നൽകി. കർമസമിതി ചെയർമാൻ ടി.സി. ജോസഫ് , ജില്ല പഞ്ചായത്ത് മെംബർ എ.എൻ. സുശീല, വർഡ് മെംബർ രജനി ബാലരാജ്, സി. പുഷ്പ, വി.എം. സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വാർഡനെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.