മാനന്തവാടി: ജനങ്ങളുടെ നിരന്തര ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. പനവല്ലി ഗ്രാമത്തെ വിറപ്പിച്ച കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനം വകുപ്പ് ഉത്തരവായി. ചീഫ് ലൈഫ് വാര്ഡന് ഡി. ജയപ്രസാദ് ആണ് ഞായറാഴ്ച ഉത്തരവിട്ടത്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11(1എ) വ്യവസ്ഥകള്‍ അനുസരിച്ചാണ് ഉത്തരവ്.
നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നിർദേശിച്ച എല്ല മാനദണ്ഡങ്ങളും പാലിക്കണമെന്നും കടുവയെ മയക്ക് വെടിവെച്ച് പിടികൂടി കാലതാമസം കൂടാതെ അതീവ ഉള്‍വനത്തില്‍ വിടണമെന്നാണ് ഉത്തരവിലുള്ളത്. കടുവയെ വെടിവെച്ച് പിടികൂടുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രന് ഒരാഴ്ച മുമ്പ് പ്രസ്താവന ഇറക്കിയിരുന്നു. ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല സി.സി.എഫ് കെ. എസ്. ദീപയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
കഴിഞ്ഞ ഒന്നര മാസത്തിലധികമായി പനവല്ലി ഗ്രാമം കടുത്ത കടുവ ഭീതിയിലായിരുന്നു. കാമറ ട്രാപ്പിലൂടെയാണ് കടുവയുടെ സാന്നിധ്യം ആദ്യം വനം വകുപ്പ് സ്ഥിരീകരിച്ചത്. കടുവക്കായി മൂന്നു കൂട് ഒരുക്കിയിരുന്നെങ്കിലും ഇരയെ ഇടാത്തതിനാൽ കടുവ കൂട്ടില്‍ വീണിരുന്നില്ല. കടുവക്കായി വനംവകുപ്പ് സര്‍വ സന്നാഹവുമൊരുക്കി തിരച്ചിലും നടത്തി. എന്നാല്‍, കാര്യമായ പുരോഗതി ഉണ്ടായില്ല.
അതിനിടയില്‍ പനവല്ലി പുഴക്കര കോളനിയിലെ കയമയുടെ വീട്ടിനകത്ത് കടുവ ഓടിക്കയറിയിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് കയമയും കുടുംബവും രക്ഷപ്പെട്ടത്. കടുവയെ കണ്ട് ഭയന്ന് വാഹനം മറിഞ്ഞ് ആക്കൊല്ലി രഘുനാഥിനും പരിക്കേറ്റിരുന്നു. പനവല്ലി, സര്‍വാണി തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വളര്‍ത്തു മൃഗങ്ങളുൾപ്പെടെയുള്ളവയെ കടുവ കൊന്നിരുന്നു. മയക്കുവെടി ഉത്തരവിറങ്ങിയതോടെ പനവല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയെ അതിവേഗം പിടികൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.