മാനന്തവാടി: മത്സ്യ വിപണനത്തെച്ചൊല്ലി മാനന്തവാടി നഗരസഭ ഭരണസമിതി യോഗത്തിൽ കൗൺസിലർമാരുടെ കൈയാങ്കളി. എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളാണ് പരസ്പരം പോർവിളിച്ച് തമ്മിൽത്തല്ലിയത്. തിങ്കളാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് മാനന്തവാടി നഗരസഭ ഭരണസമിതിയോഗം തുടങ്ങിയത്. 21 അജണ്ടകൾ വെച്ച് യോഗം തുടങ്ങിയപ്പോൾ തന്നെ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായെത്തി.
മാനന്തവാടി നഗരസഭയുടെ എരുമത്തെരുവ് മത്സ്യമാർക്കറ്റിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ പുതിയ മാർക്കറ്റ് അനുവദിക്കില്ലെന്ന ബൈലോ ഭേദഗതി ചെയ്യണമെന്ന തങ്ങളുടെ ആവശ്യം അജണ്ടയിൽ ഉൾപ്പെടുത്തിയില്ലെന്നതായിരുന്നു എൽ.ഡി.എഫ് കൗൺസിലർമാരുടെ പരാതി. ഇതിൽ പ്രതിഷേധിച്ച് ഇവർ യോഗം നടക്കുന്ന ഹാളിൽനിന്ന് ഇറങ്ങിപ്പോയി.
യോഗം നടക്കുന്നതിന് അഞ്ചു ദിവസം മുമ്പേ അജണ്ടയായി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും ഇക്കാര്യം ‘സകർമ’യിൽ അപ്ലോഡ് ചെയ്തിട്ടും അജണ്ട ചർച്ചക്കെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് പറഞ്ഞാണ് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്. ബൈലോ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചപ്പോൾ നഗരസഭക്ക് അനുകൂലമായ വിധിയാണ് ഉണ്ടായതെന്നും അതിനാലാണ് ഇക്കാര്യം ചർച്ചക്കെടുക്കാത്തതെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു.
ഇറങ്ങിപ്പോയ എൽ.ഡി.എഫ് അംഗങ്ങൾ തിരിച്ചെത്തിയപ്പോഴേക്കും മറ്റു അജണ്ടകൾ എടുക്കാതെ 21ാമത്തെ അജണ്ട ചർച്ചക്കെടുത്തത് വീണ്ടും ബഹളത്തിനിടയാക്കി. എരുമത്തെരുവിൽ മാർക്കറ്റിന് സമീപത്ത് പ്രവർത്തിക്കുന്ന മത്സ്യവിപണന സ്റ്റാളിന് നഗരസഭ അനുമതി നൽകിയിരുന്നില്ല. ഇവർ കോടതിയെ സമീപിച്ചതിനെ തുടർന്ന് ലൈസൻസ് നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഈ സ്റ്റാളിന് ലൈസൻസ് നൽകുന്ന കാര്യവും അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. എൽ.ഡി.എഫ്. കൗൺസിലർമാർ ഇറങ്ങിപ്പോയ സമയത്ത് ഇത് ചർച്ചക്കെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
എൽ.ഡി.എഫ് മുൻ ഭരണസമിതിയുടെ കാലത്താണ് സ്റ്റാളിന് അനുമതി നൽകിയതെന്നും കോടതിവിധി നടപ്പാക്കിയില്ലെങ്കിൽ സെക്രട്ടറി കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു. സെക്രട്ടറിക്ക് സ്വയം നടപ്പാക്കാവുന്ന തീരുമാനം മറ്റു കൗൺസിലർമാർ അറിയട്ടെയെന്ന് കരുതിയാണ് അജണ്ടയിൽ വച്ചതെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു. ചിലർ പണം വാങ്ങി ഭരണസംവിധാനമില്ലാതിരുന്ന സമയത്ത് സെക്രട്ടറി മാത്രം തീരുമാനമെടുത്താണ് സ്റ്റാളിന് ലൈസൻസ് നൽകിയതെന്നും അനധികൃതമായി പ്രവർത്തിക്കുന്ന സ്റ്റാൾ അടച്ചു പൂട്ടിക്കണമെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
യു.ഡി.എഫ്. കൗൺസിലർ അശോകൻ കൊയിലേരിയും എൽ.ഡി.എഫ്. കൗൺസിലർ കെ.എം. അബ്ദുൽ ആസിഫും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ആസിഫ് സീറ്റിൽ നിന്നെഴുന്നേറ്റ് അശോകനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. കെ.എം. അബ്ദുൽ ആസിഫ് ഇത് നിഷേധിച്ചു. തന്നെ ആക്രമിക്കാൻ അശോകൻ എത്തിയപ്പോൾ മറ്റുള്ളവർ ചേർന്ന് തടയുകയായിരുന്നെന്ന് ആസിഫ് പറഞ്ഞു.
പ്രശ്നമായതിനെ തുടർന്ന് മുഴുവൻ അജണ്ടയും ചർച്ചക്കെടുക്കാനായില്ല. ബാക്കി അജണ്ട ഉൾപ്പെടുത്തി ചൊവ്വാഴ്ച രണ്ടു മുതൽ യോഗം ചേരാനാണ് തീരുമാനം. വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായ സ്ഥിതിക്ക് മീറ്റിങ് ഹാളിലും ഓഫിസിലും സി.സി.ടി.വി കാമറ സ്ഥാപിക്കാൻ നഗരസഭാ സെക്രട്ടറി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.