മാനന്തവാടി: പതിനൊന്ന് ദിവസത്തിനിടെ എട്ടു വളർത്തുമൃഗങ്ങളെ കൊല്ലുകയും ഒന്നിനെ പരിക്കേൽപിക്കുകയും ചെയ്തിട്ടും കൂടുവെച്ച് കടുവയെ പിടികൂടാൻ വനംവകുപ്പിന് മടി. സഹികെട്ട നാട്ടുകാർ മാനന്തവാടി മൈസൂർ അന്തർസംസ്ഥാന പാത മണിക്കൂറുകളോളം ഉപരോധിച്ചു.
കാട്ടിക്കുളം മെലെ 54 കോതമ്പറ്റ കോളനിക്ക് സമീപം നാരിയേലിൽ അജി ജേക്കബിെൻറ ഒരു വയസ്സുള്ള പശുകിടാവിനെയാണ് ബുധനാഴ്ച പുലർച്ചെ കടുവ ആക്രമിച്ചത്. പശുവിനെ കറക്കാൻ തൊഴുത്തിലേക്കെത്തിയ അജി തലനാരിഴക്കാണ് കടുവയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.
ഇതോടെയാണ് പതിനൊന്നരയോടെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി പരിക്കേറ്റ പശു കിടാവുമായി സ്ത്രീകളടക്കമുള്ളവർ അന്തർസംസ്ഥാന പാത ഉപരോധിച്ചത്. വിനോദസഞ്ചാരികളുൾപ്പെടെ നിരവധി വാഹനങ്ങളാണ് മണിക്കൂറുകളോളം കുടുങ്ങിയത്. മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരീമിെൻറയും തിരുനെല്ലി എസ്.ഐ വി.യു. പൗലോസിെൻറയും നേതൃത്വത്തിൽ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. മാനന്തവാടി വെറ്ററിനറി സർജൻ ഡോ. വി. വഹ്മിത ഉപരോധ സ്ഥലത്തെത്തി പശുകിടാവിന് ചികിത്സ നൽകി.
വിദഗ്ധ സമിതി ബുധനാഴ്ച തന്നെ സ്ഥലം സന്ദർശിച്ച് കൂടുവെക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കാമെന്നും പരിക്കേറ്റ പശുകിടാവ് ചാവുകയാണെങ്കിൽ 60,000 രൂപ നഷ്ടപരിഹാരം നൽകാമെന്നും ബേഗൂർ റേഞ്ച് ഓഫിസർ കെ. രാകേഷ് നൽകിയ ഉറപ്പിൻമേൽ മൂന്നര മണിക്കൂറിനുശേഷം സമരം അവസാനിപ്പിക്കുകയായിരുന്നു. നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി മാനന്തവാടി താഹസിൽദാർ ജോസ് ചിറ്റിലപ്പള്ളി, ഡെപ്യൂട്ടി തഹസിൽദാർ സുജിത്ത് ജോസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ജേക്കബ് സെബാസ്റ്റ്യൻ, എ.എം. നിഷാന്ത്, ആലിസ് സിസിൽ, സുശോഭ് ചെറുകുമ്പം, നിഖിൽ പത്മനാഭൻ, വി.വി. ആൻറണി, സണ്ണി ചാലിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
കഴിഞ്ഞ മാസം 28 മുതൽ ആണ് കടുവയുടെ ആക്രമണം തുടങ്ങിയത്. കുറുക്കൻമൂല തെനംകുഴി ജയിംസ്, ജിൽസ്, കാവേരി പൊയിൽ ബാബു എന്നിവരുടെ വളർത്തുമൃഗങ്ങളെയാണ് കടുവ വിവിധ ദിവസങ്ങളിലായി കൊന്നത്. ഇതേതുടർന്ന് വിവിധ സ്ഥലങ്ങളിൽ കാമറ സ്ഥാപിച്ചെങ്കിലും കടുവയുടെ ചിത്രം മാത്രം പതിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വനം വകുപ്പ് ആർ.ആർ.ടി ടീം പ്രദേശത്തെ കാട്ടിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.