മാനന്തവാടി: വ്യാഴാഴ്ച ഉച്ചക്ക് 12ന് ഓഫിസിനുള്ളിലേക്ക് കയറി വന്ന മൂന്നു പേർ തണ്ടർബോൾട്ട് അംഗങ്ങളാണെന്ന് കരുതിയെന്നും എന്നാൽ അവർ തങ്ങൾ മാവോവാദികളാണെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ ഞെട്ടിപോയതായും കമ്പമല വനവികസന ഡിവിഷൻ ഓഫിസിലെ ഓഫിസ് അസി. പി.പി. വസന്ത പറഞ്ഞു. ഓഫിസിൽ കയറിയ അവർ ഉയർന്ന ഉദ്യോഗസ്ഥരെ കാണണമെന്ന് ആവശ്യപ്പെട്ടു.
മാനേജരുടെ കാബിനിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഫോൺ താമസസ്ഥലത്ത് വെക്കാൻ പോയപ്പോൾ നിങ്ങൾ ഫോൺ ചെയ്യാനല്ലേ പുറത്ത് പോയതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടു. അല്ലെന്ന് പറഞ്ഞതോടെ മാന്യമായാണ് സംസാരിച്ചത്.
ഒടുവിൽ നിങ്ങളുടെതായ സാധനങ്ങൾ എടുത്ത് പുറത്ത് പോകാൻ ആവശ്യപ്പെട്ടു. പിന്നാലെ പുറത്തു നിന്ന് രണ്ടു പേർ അകത്തുകയറി സർവതും തല്ലിതകർക്കുകയായിരുന്നു. തകർക്കരുതെന്ന് അപേക്ഷിച്ചെങ്കിലും മറ്റ് നിവൃത്തി ഇല്ലെന്ന മറുപടി മാത്രമാണ് അവർ നൽകിയത്. തോക്കിന്റെ പാത്തി ഉപയോഗിച്ചാണ് എല്ലാം തകർത്തത്.
എല്ലാവരും മഴക്കോട്ട് ധരിച്ചിരുന്നതായും വസന്ത പറഞ്ഞു. രണ്ടു വർഷം മുമ്പാണ് വസന്ത കമ്പ മലയിൽ ജോലിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ സ്വദേശിയായ ഇവർ കുമളിയിൽ ജോലി ചെയ്യുമ്പോഴാണ് കമ്പ മലയിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. വെള്ളിയാഴ്ചയാണ് വീട്ടുകാർ സംഭവം അറിയുന്നത്. പിന്നെ ഫോണിന് വിശ്രമമില്ലായിരുന്നു. എന്നാൽ, ഭർത്താവ് കൃഷ്ണൻ കൂടെയുള്ളത് വലിയ ആശ്വാസമാണെന്നും വസന്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.