മാനന്തവാടി: ഇല്ലാത്ത ജ്വല്ലറിയുടെ പേരിൽ സ്വർണ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘത്തിന് തുണയായത് രഹസ്വാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് പൊലീസ് അവഗണിച്ചതുമൂലം. 2022ലാണ് രഹസ്യാന്വേഷണ വിഭാഗം ആദ്യം തട്ടിപ്പിനെക്കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്. തട്ടിപ്പിനെക്കുറിച്ച് ‘മാധ്യമം’ വാർത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം വീണ്ടും റിപ്പോർട്ട് നൽകിയതായാണ് സൂചന.
മക്കിയാട് സ്വദേശികളായ അഞ്ചു സഹോദരങ്ങളും അയൽവാസിയുമാണ് തട്ടിപ്പിന് പിന്നിൽ.
വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കു പുറമേ കർണാടകയിലെ കുട്ട, തമിഴ്നാട് ഊട്ടി എന്നിവിടങ്ങളിൽ നിന്നുമുള്ളവരുമാണ് തട്ടിപ്പിനിരയായവരിൽ ഏറെയും. ഇരുനൂറോളം പേരുടെ രണ്ടായിരത്തോളം പവൻ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. തട്ടിപ്പ് പുറത്തായതോടെ കൂടുതൽ പരാതികളുയരാനുള്ള സാധ്യതയേറിയിരിക്കുകയാണ്.
അതേസമയം, സ്വർണം നഷ്ടപ്പെട്ടതായുള്ള പരാതി ലഭിക്കാത്തതിനാൽ നിലവിലുള്ള പരാതിയിൽ എഫ്.ഐ.ആർ ഇട്ടിട്ടില്ലെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്. അതേസമയം, വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ വെച്ച് ഏകദേശം എട്ടോളം പരാതികൾ പൊലീസ് സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. തട്ടിപ്പ് മുൻകൂട്ടിക്കണ്ട് നിക്ഷേപം സ്വീകരിച്ചവർ തങ്ങളുടെ പേരിലുള്ള സ്വത്തുക്കൾ ബന്ധുക്കളുടെ പേരിലാക്കുകയും ചെയ്തു. മാനന്തവാടിയിൽ ഇല്ലാത്ത ജ്വല്ലറിയുടെ മറവിലാണ് തട്ടിപ്പരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.