മാനന്തവാടി: സർക്കാർ ആശുപത്രികളിൽ ഹൃദ്രോഗ വിദഗ്ധൻ ഇല്ലാത്ത ജില്ലയെന്ന വയനാടിന്റെ ദുരവസ്ഥക്ക് മാറ്റം. വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധനെ നിയമിക്കാൻ തീരുമാനിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള രണ്ട് സീനിയർ റെസിഡന്റുമാരുടെ സേവനമാണ് ആദ്യഘട്ടത്തിലുണ്ടാവുക. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഹൃദ്രോഗ വിദഗ്ധരുടെ സേവനമുണ്ടാകും. രോഗികൾക്ക് ഹൃദ്രോഗ വിഭാഗം ഡോക്ടർമാരെ നേരിൽ കാണാനാവില്ല. മറ്റു ഡോക്ടർമാരെ കണ്ട ശേഷം ആവശ്യമെന്ന് തോന്നിയാൽ അവർ ഹൃദ്രോഗ വിഗദഗ്ധനെ കാണാൻ ആവശ്യപ്പെടും. ഇങ്ങനെയുള്ള റഫറൽ കത്തുമായി എത്തിയാൽ മാത്രമേ കാർഡിയോളജി ഒ.പി ടിക്കറ്റ് ലഭിക്കൂ.
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഹൃദ്രോഗ വിദഗ്ധനില്ലാത്തത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന എല്ലാവരെയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നതായിരുന്നു പതിവ്. മാനന്തവാടിയിൽനിന്ന് മൂന്നു മണിക്കൂറിലധികം സഞ്ചരിച്ചാലാണ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തുക. ചുരത്തിൽ ഗതാഗത തടസ്സമുണ്ടായാൽ മെഡിക്കൽ കോളജിലെത്തുന്നത് പിന്നെയും നീളും.
പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. അഞ്ചുവർഷം മുമ്പ് വയനാടിന് അനുവദിച്ച കാത്ത്ലാബ് യാഥാർഥ്യമാവാത്തതും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഹൃദ്രോഗ വിദഗ്ധനില്ലാത്തതിനാല് ജനം അനുഭവിക്കുന്ന പ്രയാസങ്ങളും നിരവധി തവണ ‘മാധ്യമം’ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.