മാനന്തവാടി: തുടർച്ചയായ രണ്ടാം ദിനവും തുള്ളിയൊഴിയാതെ മഴ പെയ്തതോടെ മാനന്തവാടി താലൂക്കിൽ കൂടുതൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ചയെ അപേക്ഷിച്ച് വ്യാഴാഴ്ച കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി.
ബുധനാഴ്ച ആറ് ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച ക്യാമ്പുകളുടെ എണ്ണം 22ആയി ഉയർന്നു. കുഴി നിലം അഗതിമന്ദിരത്തിലെ 22 അന്തേവാസികളെ കണിയാരം ജി.കെ.എം സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. നിരവിൽപ്പുഴ കുറ്റ്യാടി റോഡിൽ മട്ടിലയത്ത് വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി. പാണ്ടിക്കടവ് അഗ്രഹാരം, ചൂട്ടക്കടവ്, കരിന്തിരിക്കടവ്, പുഞ്ചക്കടവ്, വാളാട് മൊടപ്പനാൽക്കടവ് ചാത്തൻകീഴ്, പേര്യ ആലാർ ജങ്ഷൻ എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
എരുമത്തെരുവിൽ മൂന്ന് സ്ഥാപനങ്ങളുടെ സംരക്ഷണഭിത്തി തകർന്ന് നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി. മുതിരേരിയിൽ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാരുടെ വാഹനത്തിന് മുകളിലേക്ക് മരച്ചില്ലകൾ വീണു. പനമരം നടവയൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
മാനന്തവാടി: കനത്ത മഴയിൽ സംരക്ഷണ മതിൽ ഇടിഞ്ഞ് വീണ് കേടുപാടുകൾ സംഭവിച്ചു. മാനന്തവാടി ഏരുമത്തെരുവിലാണ് പത്ത് മീറ്റർ ഉയരത്തിലുള്ള മതിൽ ഇടിഞ്ഞത്. വാഹന റിപ്പയറിങ് നടത്തുന്ന മൂന്ന് ഷോപ്പുകളുടെ ഷെഡുകൾ പൂർണമായും തകർന്നു. രാജീവിന്റെ ഉടമസ്ഥതയിലുള്ള പെയിന്റിങ് ജോലികൾക്കുള്ള ഷെഡ്, സുമേഷിന്റെ ഉടമസ്ഥതയിലുള്ള ഷെഡ്, ബ്രദേഴ്സ് ഓട്ടോ ഗാരേജ് എന്നിവക്കാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. രണ്ട് ഇരുചക്ര വാഹനങ്ങളും, കംപ്രസറും മണ്ണിനടിയിലായി. സമീപത്തെ പട്ടാണിക്കുന്ന് രാജേഷിന്റെ വീടിനും മതിൽ ഇടിഞ്ഞത് വലിയ അപകട ഭീഷണി ഉയർത്തിയിരിക്കുകയാണ്. രാജേഷും 74 കാരിയായ മാതാവ് പങ്കജവും ഭയപ്പാടോടെയാണ് കഴിയുന്നത്.
കൽപറ്റ: മീനങ്ങാടി അമ്പലപ്പടിയിൽ റോഡിലേക്ക് മണ്ണൊലിച്ചിറങ്ങി വീണ്ടും അപകടം. മണ്ണെടുത്തിരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്ന് റോഡിലേക്കു മണ്ണും ചളിയും ഒഴുകി റോഡ് മൂടിക്കിടന്നാണ് അപകടം. വ്യാഴാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി ബസാണ് റോഡിൽ നിന്ന് തെന്നി മാറിയത്. ഒട്ടേറെ ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെട്ടു. പൊലീസു നാട്ടുകാരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസവും ഇവിടെ സമാന രീതിയിൽ അപകടം നടന്നിരുന്നു. അന്ന് അഗ്നിരക്ഷ സേന എത്തിയാണ് റോഡ് വൃത്തിയാക്കിയത്.
മേപ്പാടി: കൂലംകുത്തി ഒഴുകുന്ന കള്ളാടി പുഴയോരത്ത് പുറമ്പോക്കിൽ അപകടകരമായ നിലയിൽ ടാർപോളിൻ ഷീറ്റ് മേഞ്ഞ ഷെഡിൽ താമസിച്ചിരുന്ന ആദിവാസി കുടുംബത്തെ വില്ലേജ്, ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പൊലീസ് സഹായത്തോടെ മാറ്റി താമസിപ്പിച്ചു. സ്ഥലത്തു നിന്ന് മാറാൻ വിസമ്മതിച്ച പണിയ വിഭാഗത്തിൽപ്പെട്ട രാമു - മിനി ദമ്പതികളെയും അഞ്ചു മക്കളെയുമാണ് മാറ്റിയത്. സ്ഥലത്തു നിന്ന് മാറാൻ കുടുംബം വിസമ്മതിച്ചതിനാൽ അധികൃതർ നടത്തിയ ശ്രമം ആദ്യം വിജയിച്ചില്ല. പിന്നീട് മേപ്പാടി പൊലീസിന്റെ സഹായം തേടുകയായിരുന്നു. കള്ളാടി മമ്മിക്കുന്ന് കോളനിയിലുള്ള ഇവരുടെ ബന്ധുവീട്ടിലേക്കാണ് താൽക്കാലികമായി മാറ്റിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാരായ രാജു ഹെജമാടി, ബി. നാസർ എന്നിവർ നേതൃത്വം നൽകി.
പനമരം: ശക്തമായി തുടരുന്ന മഴയിൽ പനമരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കബനിപുഴ, പനമരം ചെറുപുഴകൾ കരകവിഞ്ഞു പനമരത്തിന് ചുറ്റും വെള്ളം കയറി. പനമരം ബീനാച്ചി റോഡിൽ മാത്തൂർ ഭാഗത്ത് വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പരക്കുനി, മാത്തൂർ, അങ്ങാടിവയൽ, കൊളത്താറ, വാകയാട്, മാതോത്ത് പൊയിൽ, മലങ്കര, തുടങ്ങിയ പ്രദേശങ്ങളിലുള്ള 175 കുടുംബങ്ങളെ പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ, കൈതക്കൽ യു.പി സ്കൂൾ, ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജ് കാപ്പുംചാൽ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.
നൂറോളം കുടുംബങ്ങൾ ബന്ധു വീടുകളിലേക്കും ലോഡ്ജുളിലേക്കും മാറി താമസിച്ചു. ഇനിയും മഴ തുടർന്നാൽ കൂടുതൽ കുടുംബങ്ങൾ മാറേണ്ട അവസ്ഥയുണ്ടാകും. വീടുകൾക്ക് ചുറ്റും വെള്ളം നിൽക്കുന്നതിനാൽ പ്രദേശവാസികൾ ഭയപ്പാടിലാണ്. പ്രാദേശിക റോഡുകളിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. ചങ്ങാട്ക്കടവ് പരക്കുനി, മേച്ചേരി കൂടോത്തുമ്മൽ, പാലുകുന്ന്, പനമരം റോഡ് ചാലിൽ ഭാഗം റോഡുകൾ അടക്കം വാഹന ഗതാഗതം തടസ്സപ്പെട്ടു. പനമരം ടൗൺഭാഗത്തെ സൽമ പള്ളി, കിഴക്കേ പരക്കുനി പള്ളി എന്നിവ വെള്ളം കയറിയതിനാൽ അടച്ചു. മൻസൂറുൽ ഇസ്ലാം മദ്റസയും വെള്ളം കയറിയതിനാൽ അടച്ചിട്ടുണ്ട്.
പൊഴുതന: കാലവർഷം ശക്തമായതോടെ മലയോര മേഖലയിൽ കനത്ത നാശനഷ്ടം. കനത്ത മഴയിൽ ആനോത്ത് താമസിക്കുന്ന കുനിയിൽ കാദറിന്റെ വീടിന് സമീപത്തുള്ള അതിര് തോട്ടിലേക്ക് ഇടിയുകയും കുടുംബത്തെ മാറ്റി പാർപ്പിക്കുകയും ചെയ്തു. സുഗന്ധഗിരിയിൽ പല ഭാഗങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി നിലച്ചു. പ്ലാന്റേഷൻ ഭാഗത്ത് മുരളി, മിനി എന്നിവരുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻ വശത്ത് മണ്ണിടിഞ്ഞു. പൊഴുതന, അംഗൻവാടി, കൃഷിഭവൻ എന്നിവിടങ്ങളിൽ വെള്ളം കയറി. ഇവിടെ സൂക്ഷിച്ച വാഹനവും വസ്തുക്കളും നിർഭയ വയനാട് സൊസൈറ്റി വളന്റിയർമാരുടെ നേതൃത്വത്തിൽ മാറ്റി. ആനോത്ത് പ്രദേശത്ത് പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. ജനവാസ മേഖലയായ ഇടിയംവയൽ പ്രദേശത്ത് പുഴയിലെ ജലനിരപ്പ് ഉയർന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ആദിവാസി കുടുംബങ്ങളടക്കം ഭീഷണിയിലാണ്.
വെള്ളമുണ്ട: കനത്തമഴയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫിസ് കെട്ടിടത്തിലേക്കുള്ള റോഡാണ് ഇടിഞ്ഞത്, റോഡരികിലെ കോൺക്രീറ്റ് സംരക്ഷണ ഭിത്തി വയലിലേക്ക് തെന്നി നീങ്ങിയതാണ് റോഡ് തകരാനിടയാക്കിയത്. സംരക്ഷണ ഭിത്തിയുടെ നിർമാണ സമയത്ത് തന്നെ ബലക്ഷയം ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും ശ്രദ്ധിച്ചില്ലെന്ന് പരാതിയുണ്ട്. സമീപത്തെ വയലിനോട് ചേർന്നാണ് റോഡ് നിർമിച്ചിരിക്കുന്നത്. പുതിയ ഓഫിസ് കെട്ടിടത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
കൽപറ്റ: ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ബീച്ചിനഹള്ളി കബനി അണക്കെട്ടില്‍ നിന്നുള്ള ജല ബഹിര്‍ഗമനം തുടരുന്നതായി ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. അണക്കെട്ടില്‍ 2284 അടിയാണ് സംഭരണശേഷി. 2281.76 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഉയര്‍ന്നത്. 19.52 ടി.എം.സി വെള്ളം സംഭരിക്കാന്‍ ശേഷിയുളള അണക്കെട്ടില്‍ 18.09 ടി.എം.സി ജലമാണ് പ്രധാന വൃഷ്ടി പ്രദേശമായ വയനാട്ടില്‍ നിന്നും ഒഴുകിയെത്തിയത്.
സെക്കന്‍ഡില്‍ 42829 ക്യൂബിക് വെള്ളം അണക്കെട്ടില്‍ എത്താന്‍ തുടങ്ങിയതോടെ അണക്കെട്ടില്‍ നിന്നുള്ള ബഹിര്‍ഗമനം സെക്കന്‍ഡില്‍ 46783 ക്യൂബിക്കായാണ് ഉയര്‍ത്തിയത്. വയനാട് ജില്ലയില്‍ മഴ കനത്തത് മുതല്‍ ബീച്ചിനഹള്ളി കബനി അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നു വിടാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2270 അടി വെള്ളമായിരുന്നു കബനി അണക്കെട്ടില്‍ ഈ ദിവസമുളള സംഭരണം.ബാണാസുരസാഗറില്‍ 768.55 മീറ്ററാണ് വ്യാഴാഴ്ച വൈകീട്ട് വരെയുള്ള ജലസംഭരണം. 775.60 മീറ്ററാണ് പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.