കർണാടകയിൽ ഹൈവേ കവർച്ച: പ്രതികളിൽ രണ്ട് മാനന്തവാടി സ്വദേശികളും

മാനന്തവാടി: കർണാടക വീരാജ്പേട്ട ഗോണിക്കുപ്പയിൽ കണ്ണൂർ-പാനൂർ സ്വദേശികൾ സഞ്ചരിച്ച കാറിനു മുന്നിൽ വ്യാജമായി അപകടം സൃഷ്ടിച്ച് യാത്രക്കാരിൽനിന്ന് ലക്ഷങ്ങൾ കൊള്ളയടിച്ച സംഭവത്തിൽ മാനന്തവാടി സ്വദേശികളായ രണ്ടു പേർ ഉൾപ്പെടെ എട്ടംഗ മലയാളി സംഘം അറസ്റ്റിൽ.

മാനന്തവാടി പാണ്ടിക്കടവ് സ്വദേശികളായ ചാമാടി പൊയിൽ സി.ജെ. ജിജോ (31), അഗ്രഹാരം മുസ്‌ലിയാർ വീട്ടിൽ ജംഷീർ (29) എന്നിവർ ഉൾപ്പെടെയുള്ള എട്ടംഗ സംഘത്തെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പിയും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം.

സംഘം 2.40 ലക്ഷം രൂപയാണ് കവർന്നത്. തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂൽ സ്വദേശികളായ ശ്രീചന്ദ് (27), എസ്. ഷെറിൻലാൽ (30), ജി. അർജുൻ (32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചമ്പാട് സ്വദേശി കെ. കെ. അക്ഷയ് (27), പന്ന്യന്നൂർ സ്വദേശി സി. കെ. ആകാശ് (27) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ബംഗളൂരുവിൽനിന്ന് പാനൂരിലേക്ക് വരുകയായിരുന്ന കാർ യാത്രക്കാരെ തടഞ്ഞുനിർത്തിയാണ് സംഘം പണം കവർന്നത്. ബംഗളൂരു മഡിവാളയിൽ ഹോട്ടൽ നടത്താൻ മുറിനോക്കാൻ പോയി നാട്ടിലേക്ക് മടങ്ങവേയാണ് ഇവർ കവർച്ചക്ക് ഇരയായത്.

ഇന്നോവ കാറിലും ഐ ടെൻ കാറിലുമായാണ് തട്ടിപ്പ് സംഘം സഞ്ചരിച്ചത്. ഗോണിക്കുപ്പയിൽ വെച്ച് പാനൂർ സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാറിൽ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ കൊണ്ട് മനപൂർവം തട്ടുകയും തട്ടിപ്പു സംഘത്തിന്റെ കൂട്ടാളികൾ മറ്റൊരു കാറിൽ പിറകെയെത്തി പാനൂർ സ്വദേശികളുടെ കാറിൽ കഞ്ചാവും മയക്കുമരുന്നും സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കാറിലുള്ളവരെ പുറത്തേക്ക് വലിച്ചിറക്കി ഡാഷ് ബോർഡിൽ സൂക്ഷിച്ച പണവുമായി കടന്നുകളയുകയായിരുന്നു .

തുടർന്ന് വീരാജ്പേട്ട പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി നിരഞ്ജൻ രാജരസും സംഘവും പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായവരിൽ ചിലർ മുമ്പും വിവിധ കേസുകളിൽ പ്രതികളാണെന്നും കേരള പൊലീസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു. പാണ്ടിക്കടവ് സ്വദേശി ജിജോ മുമ്പ് മാനന്തവാടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയതുൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ്. തിരിച്ചറിയൽ പരേഡിന് വിധേയമാക്കേണ്ടതിനാൽ പ്രതികളുടെ ഫോട്ടോ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Highway robbery in Karnataka: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.