തരിയോട്: കയറിക്കിടക്കാൻ വാസയോഗ്യമായ വീടില്ലാതെ വയോധികരായ ആദിവാസി കുടുംബം ദുരിതത്തിൽ. തരിയോട് ഗ്രാമപഞ്ചായത്തിലെ മഞ്ഞളാംകോട്ടുമ്മൽ ആദിവാസി കോളനിയിലാണ് ശോഭനയും കുടുംബവും ദുരിതജീവിതം നയിക്കുന്നത്.
പണിയ വിഭാഗത്തിലെ ശോഭനക്കും കുടുംബത്തിനും പാതിറ്റാണ്ടുകൾക്ക് മുമ്പാണ് കോളനിയില്‍ ഭൂമി ലഭിച്ചത്. 10 വർഷം മുമ്പ് പട്ടികവർഗ വികസനവകുപ്പിൽ നിന്നും വീട് ലഭിച്ചെങ്കിലും നിർമാണത്തിലെ അപാകത കാരണം മാസങ്ങൾക്കുള്ളിൽ വാസയോഗ്യമല്ലാതെയായി. നിർമാണം ഏറ്റെടുത്തയാൾ ചുമരുകൾ തേക്കാതെയും വാതിൽവെക്കാതെയും പണി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. മഴയത്ത് ചോർച്ച തടയാൻ കോൺക്രീറ്റ് വീടിനു മുകളിൽ പ്ലാസ്റ്റിക് വലിച്ചുകെട്ടേണ്ടിവരുന്നു.
ഭക്ഷണം പാകം ചെയ്യലും ഊണും ഉറക്കവുമെല്ലാം ഭിത്തികൾക്ക് ബലക്ഷയം സംഭവിച്ച ഈ വീട്ടിലാണ്. ശോഭനയും ഭർത്താവ് ചാത്തക്കനും പുറമെ മകൾ നളിനിയും ഭർത്താവ് പവിത്രനും ആറും ഒമ്പതും മാസം പ്രായമുള്ള കുഞ്ഞുങ്ങളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. വീട് ഏതു നിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയിലായിട്ടും അപേക്ഷ നൽകിയ ഇവർക്ക് ഉടനെ വീട് ലഭിക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിയുന്നു.
തൊഴിലുറപ്പ് പണി എടുത്തതാണ് ശോഭന കുടുംബം പോറ്റുന്നത്. പ്രാഥമികാവശ്യം നിറവേറ്റാന്‍ ശൗചാലയം പോലുമില്ല ഇവർക്ക്. സമീപത്തുള്ള കുടുംബങ്ങളുടെയും സ്ഥിതിയും ഇതുതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.