കെ.​എ​സ്.​ആ​ര്‍.​ടി.​സി​യും മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഗ്രാ​മ​വ​ണ്ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ആ​ന്റ​ണി രാ​ജു നി​ര്‍വ​ഹി​ക്കു​ന്നു

ജില്ലയിൽ ഗ്രാമവണ്ടി സർവിസിന് തുടക്കം; മാനന്തവാടിയിൽനിന്ന് ജംഗിൾ സഫാരി 25ന് ആരംഭിക്കും -മന്ത്രി ആന്‍റണി രാജു

മാനന്തവാടി: സുൽത്താൻ ബത്തേരി ഡിപ്പോയിൽ വിജയകരമായി നടപ്പാക്കിയ കെ.എസ്.ആർ.ടി.സി ജംഗിൾ സഫാരി ജനുവരി 25 മുതൽ മാനന്തവാടി ഡിപ്പോയിൽനിന്ന് ആരംഭിക്കുമെന്നും ഗ്രാമവണ്ടി പൊതുഗതാഗതം ജനകീയമാക്കുന്ന പദ്ധതിയാണിതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോഓപറേഷന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആവശ്യമനുസരിച്ച് ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിയാണ് ഗ്രാമവണ്ടിയെന്നും വരും കാലങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമവണ്ടി പദ്ധതി യാഥാർഥ്യമാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ ഗ്രാമവണ്ടി പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ അഭിമാന പദ്ധതിയായ ജംഗിള്‍ സഫാരി ജനുവരി 25 മുതല്‍ മാനന്തവാടിയില്‍ നിന്ന് ആരംഭിക്കും. മാനന്തവാടിയില്‍ നിന്നും തലശ്ശേരി കാന്‍സര്‍ സെന്ററിലേക്കുള്ള സര്‍വിസ് പരിഗണനയിലാണ്.

ജനങ്ങള്‍ ആവശ്യമറിയിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ഗ്രാമവണ്ടിയുടെ സര്‍വിസ് കെ.എസ്.ആര്‍.ടി.സി നടത്തുമെന്നും മന്ത്രി പറഞ്ഞു. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയായിരുന്നു.

മാനന്തവാടി ഡിപ്പോയിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തില്‍ വിജയിയായ എം.സി. സദാനന്ദനെ ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ബസിന്റെ ഡീസല്‍ ചെലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്തുന്ന പദ്ധതിയാണ് ഗ്രാമവണ്ടി.

പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്താണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്. ജില്ലയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലാണ് ആദ്യമായി ഗ്രാമവണ്ടി പദ്ധതി യാഥാര്‍ഥ്യമാകുന്നത്. നിലവില്‍ വാഹന സൗകര്യം കുറവുള്ള റൂട്ടുകളായ നല്ലൂര്‍നാട് ജില്ല കാന്‍സര്‍ സെന്റര്‍, കാരക്കുനി യൂനിവേഴ്‌സിറ്റി കാമ്പസ്, ബി.എഡ് സെന്റര്‍ എന്നിവിടങ്ങളിലേക്കാണ് ഗ്രാമവണ്ടി സർവിസ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ ചെയര്‍പേഴ്‌സൻ സി.കെ രത്‌നവല്ലി, ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ജില്ല പഞ്ചായത്ത് മെംബര്‍മാരായ കെ. വിജയന്‍, മീനാക്ഷി രാമന്‍, കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദ്, ഡി.ടി.ഒ ജോഷി ജോണ്‍, ഗ്രാമവണ്ടി ഡി.ടി.ഒ വി.എം താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Jungle Safari will start from Mananthavadi on 25th - Minister Antony Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.