കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നടപടി തുടങ്ങിയില്ല; വിദ്യാർഥികൾ ആശങ്കയിൽ

മാനന്തവാടി: കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ പദ്ധതിക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കാത്തത് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ആയിരക്കണക്കിന് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തുന്നു.

കോഴിക്കോട് സർവകലാശാലയിൽ ഫൈനോടു കൂടി രജിസ്റ്റർ ചെയ്യാനുള്ള തീയതി ചൊവ്വാഴ്ച അവസാനിക്കും. നവംബർ 30നകം രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച വിവരം യു.ജി.സിക്ക് കൈമാറണമെന്നിരിക്കെയാണ് കണ്ണൂർ സർവകലാശാല രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പോലും ആരംഭിക്കാത്തത്.

ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞ ഒക്ടോബർ 12ന് ഉത്തരവിറക്കി. എന്നാൽ, നവംബർ മൂന്നിന് ഇറക്കിയ ഉത്തരവിൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ ഫീസ് അടക്കാനുള്ള സൗകര്യവും ഉണ്ടാകുമെന്നാണ് അറിയിച്ചത്.

എന്നാൽ, നാളിതുവരെയായിട്ടും ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ല. ഈ വർഷം രജിസ്ട്രേഷൻ ഉണ്ടാകില്ലെന്നാണ് സർവകലാശാലയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങളെന്ന് വിവിധ കോളജ് അധികൃതർ പറയുന്നു. എന്നാൽ, ഔദ്യോഗിക വിശദീകരണം നൽകാൻ സർവകലാശാല അധികൃതർ ഇതുവരെ തയാറായിട്ടില്ല. വി.സി-ഗവർണർ പോരാണ് വിദ്യാർഥികളുടെ ഭാവി തുലാസ്സിലാക്കിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ബിരുദ കോഴ്സുകളായ ബി.കോം, ബി.എ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കന്നട, അഫ്ദലുൽ ഉലമ, ബിരുദാനന്തര ബിരുദ കോഴ്സുകളായ എം.എ ഇക്കണോമിക്സ്, ഹിസ്റ്ററി, അറബിക് സർട്ടിഫിക്കറ്റ് കോഴ്സ്, അഫ്ദലുൽ ഉലമ പ്രിലിമിനറി തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രൈവറ്റ് രജിസ്ട്രേഷൻ നടക്കാറുള്ളത്. സർവകലാശാലയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് ഇരുളടയുക.

Tags:    
News Summary - Kannur University private registration process not started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.