മാനന്തവാടി: ഒരു കാരണവുമില്ലാതെ കെ.എസ്.ആർ.ടി.സി മാനന്തവാടി ഗാരേജിൽനിന്ന് സർവിസുകൾ മുടക്കുന്നത് പതിവാകുന്നു. ഇതോടെ കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ മേഖലയിൽ യാത്രാക്ലേശം രൂക്ഷമായി.
ചൊവ്വാഴ്ച മാത്രം 15 സർവിസുകളാണ് മാനന്തവാടി ഡിപ്പോയിൽനിന്ന് മുടങ്ങിയത്. ഇതിൽ ഏറെയും നല്ല വരുമാനം ലഭിക്കുന്ന സർവിസുകളാണ്. ഇരിട്ടി, കൽപറ്റ ചെയിൻ സർവിസ്, കോഴിക്കോട് എട്ടു മണി, കുട്ട സർവിസുകളാണ് ചൊവ്വാഴ്ച റദ്ദാക്കിയവയിൽ പ്രധാനപ്പെട്ടത്. ശബരിമല സീസണായതിനാൽ മാനന്തവാടി ഡിപ്പോയിൽ വണ്ടികൾ കുറവാണ്. എരുമേലി, കോട്ടയം ഉൾപ്പെടെയുള്ള ദീർഘദൂര സർവിസുകളും മുടങ്ങിയിട്ട് ആഴ്ചകളായി.
സർവിസുകൾ മുടങ്ങുന്നതിന്റെ കാരണം അന്വേഷിച്ചാൽ കൃത്യമായ മറുപടി നൽകാൻ പോലും അധികൃതർ തയാറാവുന്നില്ലെന്നതാണ് വസ്തുത. ബസുകളുടെ ഫിറ്റ്നസ് പരിശോധനയും സർവിസ് മുടങ്ങാൻ കാരണമായിട്ടുണ്ട്. സർവിസ് മുടക്കം ഗ്രാമീണ മേഖലയിലെ യാത്രക്കാരെയാണ് ഏറെ വലക്കുന്നത്. അമിത ചാർജ് നൽകി യാത്ര ചെയ്യേണ്ട സ്ഥിതിയാണ് യാത്രക്കാർക്കുള്ളത്. സർവിസ് മുടക്കത്തിനെതിരെ പ്രതികരിക്കാൻ മുഖ്യധാര രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തയാറാകുന്നില്ലെന്നതാണ് ഏറെ വിരോധാഭാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.