മാനന്തവാടി: പതിനെട്ട് ദിവസമായി ഒരു പ്രദേശത്തെയാകെ ഭീതിയിലും മുൾമുനയിലും നിർത്തിയ കടുവയെ കണ്ടെത്താൻ കുങ്കിയാനകളെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. നാടാകെ കാവലിരിക്കെ, ബുധനാഴ്ച രാത്രി കടുവയെത്തി പശുവിനെ കൊന്നു. പയ്യമ്പിള്ളി പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെയാണ് കടുവ കൊന്നത്. സമീപ പ്രദേശത്ത് നിന്ന് ഒരു ആടിനെയും കാണാതായിട്ടുണ്ട്.
ബുധനാഴ്ച രാവിലെ കല്ലൂർ, വടക്കനാട് കൊമ്പന്മാരെ ഉപയോഗിച്ച് പടമല ഭാഗത്തെ സ്വകാര്യ തോട്ടങ്ങളിലാണ് പരിശോധന നടത്തിയത്. അതിനിടെ ഉച്ചയോടെ പയ്യമ്പള്ളി ഇളയിടം ബേബിയുടെ മകൻ ജിേൻറായുടെ ആടിനെ കൊന്നതായ വാർത്ത പരന്നു. രാവിലെ 8.30ഓടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ മേയാൻ വിട്ട ആടിനെയാണ് ഉച്ചക്ക് 12.30 ഓടെ പരിക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ വനപാലകരും ഡോക്ടറും നടത്തിയ പരിശോധനയിൽ ആക്രമണത്തിന് പിന്നിൽ കടുവയല്ലെന്നാണ് സ്ഥിരീകരിച്ചത്.
വനം വകുപ്പ് തിരച്ചിൽ നടത്തുമ്പോഴും ബുധനാഴ്ച കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. മൂന്ന് ആടുകൾ കൊല്ലപ്പെടുകയും പശുവിനെ പരിക്കേൽപിക്കുകയും ചെയ്ത തെനംകുഴി ജിൽസിെൻറ വീടിന് സമീപത്ത് സ്ഥാപിച്ച കൂടിനരികിലാണ് കടുവയുടെ ഏറ്റവും പുതിയ കാൽപാട് കണ്ടെത്തിയതായി വനം വകുപ്പ് സ്ഥിരീകരിച്ചത്.
അതേസമയം, വയനാടിെൻറ കണക്കെടുപ്പിൽ 154 കടുവകൾ ഉണ്ടെന്നും ഇതിൽപെടാത്ത കടുവയാണ് ആക്രമണത്തിന് പിന്നിലെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കർണാടക വനംവകുപ്പ് പിടികൂടിയ കടുവയെ വയനാട് അതിർത്തിയിൽ തുറന്നു വിട്ടതാണെന്ന ആരോപണം ശക്തമായി. കടുവയുടെ ഇതുവരെയുള്ള പ്രകൃതവും അത് സാധൂകരിക്കുന്നു. ആക്രമണം നടന്ന പ്രദേശം ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ സന്ദർശിച്ചു.
സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന, നോർത്ത് വയനാട് ഡി.എഫ്.ഒ രമേശ് ബിഷ്ണോയ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി ജസ്റ്റിസ് കെ. രാജേഷ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ആ കടുവ കേരളത്തിെൻറ കണക്കിൽപ്പെടാത്തത്
കുറുക്കൻമൂലയിലും പരിസര പ്രദേശങ്ങളിലും നിരവധി വളർത്തുമൃഗങ്ങളെ പിടികൂടിയ കടുവ കേരള വനംവകുപ്പിെൻറ കണക്കിൽപെടാത്തതാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. സ്ഥലം സന്ദർശിച്ച നോർത്ത് സോൺ സി.സി.എഫ് ഡി.കെ. വിനോദ് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാമറയിൽ പതിഞ്ഞ കടുവയുടെ ചിത്രം ദേശീയ കടുവ അതോറിറ്റിക്ക് അയച്ചു കൊടുത്തതായും ഏറ്റവും അടുത്ത ദിവസം തന്നെ ഏത് സംസ്ഥാനത്തു നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിൽ വൈൽഡ് ലൈഫിൽ നിന്നുള്ള ഡോ. അജീഷ് കൂടി കടുവയെ പിടികൂടുന്ന സംഘത്തിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
കടുവശല്യത്തിന് പരിഹാരം കാണണം –രൂപത
പയ്യമ്പള്ളി, കുറുക്കൻമൂല, പടമല പ്രദേശങ്ങളിൽ ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുകയും ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്ന കടുവശല്യത്തിന് അധികൃതർ ശാശ്വത പരിഹാരം കാണണമെന്ന് മാനന്തവാടി രൂപത ആവശ്യപ്പെട്ടു. പൊലീസ് ക്യാമ്പും കടുവയെ നിരീക്ഷിക്കാനുള്ള കാമറകളും പിടിക്കാനുള്ള കൂടും സജ്ജമാക്കുന്നതോടെ ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല.
രണ്ടാഴ്ചക്കുള്ളിൽ പതിനഞ്ചോളം വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രശ്നത്തെ അവഗണിക്കാനാണ് ബന്ധപ്പെട്ടവരുടെ ശ്രമമെങ്കിൽ ജനത്തോടു ചേർന്ന് നിലപാടുകളെടുക്കാൻ മുന്നിട്ടിറങ്ങുമെന്നും മാനന്തവാടി രൂപത അറിയിച്ചു.
കടുവക്ക് പരിക്കേറ്റത് കർണാടക വനത്തിൽനിന്ന്
കുറുക്കൻമൂല പ്രദേശത്ത് ഭീതി വിതച്ചുകൊണ്ടിരിക്കുന്ന കടുവക്ക് പരിക്കേറ്റത് കർണാടക വനമേഖലയിൽനിന്നാണെന്ന് പ്രാഥമിക നിഗമനം. വനം വകുപ്പ് പുറത്തുവിട്ട ചിത്രത്തിൽ നിന്നാണ് കടുവയുടെ കഴുത്തിന് മുറിവേറ്റതായി കണ്ടെത്തിയത്. കർണാടകയിൽനിന്നാണ് പരിക്കേറ്റതെന്ന് വനം വകുപ്പ് അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടൻ സ്ഥാപിച്ച കെണിയിൽനിന്നാണ് പരിക്കേറ്റതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.