മാനന്തവാടി: ഒരു പ്രദേശത്തെ ഒമ്പത് അമ്മമാർ മരിച്ച് 26 ദിവസമായപ്പോൾ സർക്കാർ കണ്ണ് തുറന്നു.കണ്ണോത്ത് മല ജീപ്പപകടത്തിൽ മരിച്ച മക്കിമല ആറാം നമ്പർ കോളനിയിലെ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ചു പേർക്ക് മൂന്ന് ലക്ഷം രൂപ വീതവുമാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
സ്വകാര്യ തേയില തോട്ടത്തിൽ ചപ്പ് നുള്ളി തിരിച്ചുവരുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് ഒമ്പത് പേർ മരിച്ചത്. കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തി അഞ്ചിനായിരുന്നു സംഭവം. ധനസഹായ പ്രഖ്യാപനം വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കോൺഗ്രസും ഐ.എൻ.ടി.യു.സിയും സബ് കലക്ടർ ഓഫിസിന് മുന്നിൽ ധർണ നടത്തുകയും ചെയ്തിരുന്നു. വിഷയം ഒ.ആർ. കേളു എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചതോടെയാണ് സർക്കാർ ഉണർന്നതും ധനസഹായം പ്രഖ്യാപിച്ചതും. സാങ്കേതിക്കുരുക്കുകൾ നീക്കി ഇരകളുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭിക്കാൻ ഇനിയും ആഴ്ചകൾ കാത്തിരിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.